തിരുവനന്തപുരം: നദീസംയോജനം നടപ്പിലായാല്‍ കേരളത്തിലെ ജനങ്ങളുടെ അന്നവും വെള്ളവും മുട്ടുമെന്നും കേരളം പിന്നെ ഇതുപോലെ ഉണ്ടാകില്ലെന്നും പ്രതിപകഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപ്പുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളാ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും പദ്ധതി നടപ്പാക്കുന്നതിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം രംഗത്തുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു.

വേമ്പനാട് കായലും കുട്ടനാടും കാര്‍ഷിക മേഖലയെയും തകര്‍ക്കുന്ന പദ്ധതിയാണിത്. പമ്പയും അച്ചന്‍ കോവിലാറും നദീ സംയോജനത്തില്‍ ഗതി മാറി ഒഴുകുന്നതോടെ മധ്യതിരുവിതാംകൂറിന്റെ ഗതിതന്നെ മാറും. പമ്പയടക്കം പടിഞ്ഞോറോട്ട് ഒഴുകുന്ന നദികള്‍ കിഴക്കോട്ട് ഒഴുക്കണമെന്നത് തമിഴ്‌നാടിന്റെ ആവശ്യമാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വെള്ളം സംഭരിക്കാന്‍ തമിഴ്‌നാട് 100 കോടി രൂപ മുടക്കി പുതിയ ഡാം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന് അനുകൂലമായ വിധത്തിലാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. നദീ സംയോജനം നടപ്പായാല്‍ കേരളം ഇന്നത്തെ നിലയില്‍ കാണില്ലെന്നും വി.എസ് ഓര്‍മ്മിപ്പിച്ചു.

നദീജല തര്‍ക്ക കേസുകളില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിച്ചാണ് സുപ്രീം കോടതിയില്‍ കേസ് വാദിച്ചിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ പരിചയ സമ്പന്നരല്ലാത്ത അഭിഭാഷകരെ ഉപയോഗിച്ച് കേസ് തോറ്റുകൊടുക്കുകയാണ്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ജലം ശാന്തമായി ഒഴുകി ഇടുക്കി ഡാമില്‍ വന്നു നില്‍ക്കുമെന്നും അഞ്ഞൂറു കുടുംബങ്ങളെ മാത്രം മാറ്റിപ്പാര്‍ച്ചാല്‍ മതിയെന്നും ഇതിനാവശ്യമായ എട്ട് സ്‌കൂളുകളും ബഞ്ചുകളും തയ്യാറാണെന്നും കോടതിയില്‍ അറിയിച്ച പഹയന്മാരാണ് നാടു ഭരിക്കുന്നതെന്ന് വി.എസ് പറഞ്ഞു.

നദീ സംയോജനം കേരളത്തിന് ബാധകമാകില്ലെന്ന കെ.എം മാണിയുടെ വാദം ശരിയല്ല. തീരുമാനം എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കണമെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നുണ്ട്. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട വി.എസ്, കേരളത്തിന്റെ പരിസ്ഥിതിയെതന്നെ തകര്‍ക്കുന്ന നീക്കമാണിതെന്നും ഇതിനെ ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും മുന്നറിയിപ്പു നല്‍കി.

അതേസമയം, നദീജല സംയോജനപദ്ധതിക്കു വേണ്ടിയുള്ള സുപ്രീംകോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് എം.വി സുധീരന്‍ രംഗത്തെത്തി. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്ന നദി, വെള്ളം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ക്കെതിരെ  ഒരു നിലപാട് ഒരു ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. അധികാര പരിധിക്ക് നേരെ ഏത് ഭാഗത്ത് നിന്ന് അഭിപ്രായമുണ്ടായാലും അത് ഫെഡറല്‍ തത്വത്തിന് എതിരാണെന്നും സുധാകരന്‍ ആലപ്പഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളുടെയും പരിസ്ഥിതി സംഘടനകളുടെയും എതിര്‍പ്പ് നിലനില്‍ക്കെ, നദീസംയോജനം നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. പദ്ധതിയോടുള്ള എതിര്‍പ്പ് സംസ്ഥാനങ്ങള്‍ ഉപേക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Malayalam news

Kerala news in English