തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും അരങ്ങേറുന്ന സദാചാര ഗുണ്ടായിസം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. സദാചാര പാലനത്തിന്റെ പേരില്‍ പൊലീസ് യുവതീ യുവാക്കളെ പീഡിപ്പിക്കരുതെന്നും വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ക്രമസമാധാന പ്രശ്നമുണ്ടാവുമ്പോള്‍ അതില്‍ ഇടപെടുകയും നടപടിയെടുക്കുയും ചെയ്യേണ്ടത് പോലീസാണ്. പോലീസ് ചെയ്യേണ്ട പണി ഗുണ്ടകള്‍ ഏറ്റെടുത്താല്‍ അത് അരാജകത്വം സൃഷ്ടിക്കും. ഇത് ഒരുതരത്തിലും അനുവദിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘കസറ്റഡി കഴിയട്ടെ, ഞാന്‍ തിരിച്ചുവരും, ചിലതു പറയാനുണ്ടെന്ന്’ മാധ്യമങ്ങളോട് സുനി


കഴിഞ്ഞ ദിവസം അഴീക്കലില്‍ യുവാവ് ആത്മഹത്യ ചെയ്യാനിടയായത് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനവും ഭീഷണിയും മൂലമാണെന്നാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. സദാചാര പോലീസ് ചമയുന്ന ഗുണ്ടകള്‍ യുവാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതായും ആരോപണമുണ്ട്. സദാചാര ഗുണ്ടായിസം നടത്തുന്നവരെ നിയമവിധ്വംസകരായി കണക്കാക്കി നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചില സ്ഥലങ്ങളിലെല്ലാം പോലീസ് തന്നെ സദാചാരപാലനത്തിന്റെ പേരില്‍ യുവതീയുവാക്കളെ അനാവശ്യമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത് തടയാനും ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

സദാചാര പൊലീസിന്റെ പീഡനങ്ങളില്‍ മനംനൊന്ത് കഴിഞ്ഞദിവസം അഴീക്കലില്‍ അനീഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പുറമേ രണ്ടുദിവസം മുമ്പ് തിരുവനന്തപുരം മ്യൂസിയത്തില്‍ തോളില്‍ കൈയിട്ടിരുന്നതിന്റെ പേരില്‍ യുവതീ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവുമുണ്ടായിരുന്നു. സദാചാര ഗുണ്ട ചമഞ്ഞുള്ള പൊലീസിന്റെ ഈ നടപടി രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വി.എസിന്റെ പ്രസ്താവന വന്നിരിക്കുന്നത്.