ചെന്നൈ: സുപ്രീംകോടതി കഠിന തടവിന് ശിക്ഷിച്ച പ്രതിക്ക് യു.ഡി.എഫ് സ്വീകരണം നല്‍കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും, അവഹേളനവുമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ള തനിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ അപഹാസ്യമാണെന്നും ചെന്നൈയില്‍ കെ.ടി.ഡി.സിയുടെ കേരളാ ഹൗസ് ഉദ്ഘാടനം ചെയ്തശേഷം വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇടമലയാര്‍ അഴിമതി ആദ്യം ചൂണ്ടിക്കാണിച്ചത് മുസ്‌ലീംലീഗ് നേതാവ് സീതിഹാജി ചെയര്‍മാനായ നിയമസഭ സമിതിയാണ്. അത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത് കെ.കരുണാകരന്‍ മന്ത്രിസഭയും. ഇവര്‍ രണ്ടു പേരും തന്റെ പാര്‍ട്ടിക്കാരാണോയെന്നും വി.എസ് ചോദിച്ചു.

ബാര്‍ ലൈസന്‍സ് റദ്ദാക്കിയത് നീക്കാന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കുന്നതിന് സാക്ഷിയാണെന്ന കെ.സുധാകരന്‍ എം.പിയുടെ പ്രസ്താവയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സുധാകരന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ചുള്ള എടക്കാട് കേസിലെ വിധിയും ഇങ്ങനെ നേടിയതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരം ടെര്‍മിനല്‍വല്ലാര്‍പാടം പദ്ധതി ഉദ്ഘാടനങ്ങളില്‍ സര്‍ക്കാരിനെ അവഗണിച്ചുവെന്നല്ല കേരളത്തെ അവഗണിച്ചുവെന്നാണ് താന്‍ പറഞ്ഞത്.

ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പ്രതിഷേധകത്ത് അയക്കും. രണ്ടാഴ്ച്ച മുമ്പ് മാത്രം വ്യോമയാനമന്ത്രിയായി ചുമതലയേറ്റ വയലാര്‍ രവിക്ക് കേന്ദ്രനടപടിയുടെ ശരിയില്ലായ്മയെക്കുറിച്ച് അറിയില്ലായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.