തിരുവനന്തപുരം: വി.എസ് അച്ച്യുതാനന്ദനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്. കോടിയേരി ബാലകൃഷ്ണനെ പ്രതിപക്ഷ ഉപനേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്.

എം.എ ബേബിയെ പ്രതിപക്ഷ ചീഫ് വിപ്പായി തിരഞ്ഞെടുത്തിട്ടുണ്ട്. എ.കെ ബാലനെ നിയമസഭാകക്ഷി സെക്രട്ടറിയായും പാര്‍ലമെന്ററി പാര്‍ട്ടിയോഗം തിരഞ്ഞെടുത്തു. അതിനിടെ സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ഇന്നുചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ആരെ നിര്‍ത്തണമെന്ന കാര്യം പിന്നീട് നിശ്ചയിക്കും.

നേരിയ ഭൂരിപക്ഷമുള്ളതിനാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ശക്തമായ മല്‍സരം കാഴ്ച്ചവെയ്ക്കാനാകുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. വി.എസ് അച്ച്യുതാനന്ദനെ പ്രതിപക്ഷ നേതാവാക്കാന്‍ കഴിഞ്ഞ പി.ബി യോഗത്തില്‍ ഏകദേശ ധാരണയായിരുന്നു.

നേരത്തേ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ച സി.പി.ഐ.എം ജനറല്‍ സെക്രട്ടറി വി.എസ്സിന്റെ പ്രതിച്ഛായ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഗുണംചെയ്തതായി ആവര്‍ത്തിച്ചിരുന്നു. വി.എസ് മല്‍സരിച്ചില്ലായിരുന്നുവെങ്കില്‍ ഈ ഫലം ഇടതുമുന്നണിക്ക് ലഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.