തിരുവനന്തപുരം: ലോകത്ത് തൊഴിലാളി വര്‍ഗ പോരാട്ടങ്ങള്‍ക്ക് ആവേശം നല്‍കിയ നേതാവായിരുന്നു ജ്യോതി ബസുവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹം ബ്രിട്ടണില്‍ നിന്ന് ബാരിസ്റ്ററായി തിരിച്ചെത്തിയ ശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. അടിയന്തരാവസ്ഥക്കെതിരെ ബംഗാളില്‍ അദ്ദേഹം ശക്തമായ ചെറുത്ത് നില്‍പ്പ് സംഘടിപ്പിച്ചു.

ബംഗാളിനെ പട്ടിണിയില്‍ നിന്ന് മോചിപ്പിച്ച അദ്ദേഹം ഭൂപരിഷ്‌കരണം നടപ്പാക്കുകയും ഗ്രാമങ്ങളെ സമുദ്ധരിക്കുകയും ചെയ്തതിലൂടെ ആധുനിക ബംഗാളിനെ കെട്ടിപ്പടുക്കുകയായിരുന്നു. 1964ല്‍ സി പി ഐയില്‍ നിന്ന് ഇറങ്ങിവന്ന് സി പി ഐ എം രൂപീകരിച്ച 33 അംഗങ്ങളില്‍ ബസുവിനൊപ്പം താനുമുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കുന്നതില്‍ അദ്ദേഹം ശക്തമായ പങ്ക് വഹിച്ചു. പാര്‍ട്ടിയിലെ വലത്, ഇടത് വ്യതിയാനത്തിനെതിരെ ശക്തമായി നിലകൊണ്ട നേതാവായിരുന്നു ബസുവെന്നും അദ്ദേഹം പറഞ്ഞു.