വര്‍ക്കല: മദ്യസേവയും ഗുരുസേവയും ഒന്നിച്ചുനടത്തരുതെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍. ശ്രീനാരായണ ഗുരു ഒരുസമുദായത്തിന്റെ മാത്രം ഗുരു ആയിരുന്നില്ലെന്നും 78 ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുരുവിന്റെ കാലത്തും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ അറിയാത്തവരായി ഒരുപാട് ആളുകളുണ്ടായിരുന്നു. അവരുടെ കണ്ണ് തുറപ്പിക്കാനാണ് ഗുരു താന്‍ ഒരു സമൂഹത്തിന്റെ മാത്രം വക്തവല്ലെന്ന നിലപാട് സ്വീകരിച്ചതെന്നും വി എസ് അച്ച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ജാതിവ്യവസ്ഥക്കെതിരേ ശക്തമായ നിലപാട് കൈക്കൊണ്ട മഹത്‌വ്യക്തിയായിരുന്നു ഗുരു. പരിഷ്‌കൃത സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ശ്രീനാരായണ ഗുരു നടത്തിയ ശ്രമങ്ങള്‍ എല്ലാക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തിയതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കമായത്. എസ് എന്‍ ഡി പി യോഗം ശിവഗിരിയുമായി സഹകരിച്ചുനടന്നത്തുന്ന ആദ്യ തീര്‍ത്ഥാടനമാണ് ഇത്തവണത്തേത്.