തിരുവനന്തപുരം:  ആദ്യമേ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നെന്ന പാര്‍ട്ടിയുടെ പ്രസ്താവന വിശ്വസിക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഇക്കാര്യം പറഞ്ഞത്.

‘ പാര്‍ട്ടി അടിമുതല്‍ മുതല്‍ മുടി വരെ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണത്. ഞാനത് അംഗീകരിക്കുകയേ ചെയ്തിട്ടുള്ളൂ. ആദ്യം മുതലേ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നെന്ന് പാര്‍ട്ടി പറയുന്നു. ഞാനത് വിശ്വസിക്കുന്നു. അനാരോഗ്യം മൂലം ഞാന്‍ മത്സരിക്കാന്‍ വിസമ്മതിച്ചു എന്നത് ആരോ കെട്ടിച്ചമച്ച കഥയാണ്. എനിക്ക് 89 വയസ്സായി എന്നാണ് പറയുന്നത്. എന്നാല്‍ എനിക്ക് 87 പൂര്‍ത്തിയാവാന്‍ ഏഴ് മാസം കൂടി കഴിയണം’

‘ പാര്‍ട്ടി തീരുമാനത്തിനെതിരെ ഉണ്ടായ ജനരോഷമാണോ തീരുമാനം മാറ്റാനിടയാക്കിയതെന്ന് എനിക്കറിയില്ല. ജനങ്ങളാണ് രംഗത്തിറങ്ങിയിട്ടുള്ളത്. അവരുടെ പ്രകടനം ജനരോഷത്തിന്റെ ഭാഗമാണ്. ജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുള്ളത് . അതിനാല്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യമില്ല’

‘പെണ്‍വാണിഭക്കാരും കോടതിയെ സ്വാധീനിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരും മാഫിയാസംഘങ്ങളുമൊക്കെ താന്‍ അധികാരത്തില്‍ വരരുതെന്നാഗ്രഹിക്കുന്നുണ്ടാവണം. ഇത്തരക്കാരെ എതിര്‍ക്കുന്ന നിലപാടാണ് എന്റെ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്.’ – വി.എസ് പറഞ്ഞു.