ന്യൂദല്‍ഹി: സൗഹൃദ ഭാവം പ്രകടിപ്പിച്ച് നരേന്ദ്രമോഡി വി.എസ് അച്യുതാനന്ദന്റെ ചുമലില്‍ കൈവെച്ചു. നീരസം പ്രകടിപ്പിച്ച വി.എസ് കൈ എടുത്ത് മാറ്റി മാറി നിന്നു. ഇന്ത്യാ ടുഡേ സ്‌റ്റേറ്റ് ഓഫ് ദി സ്‌റ്റേറ്റ് പുരസ്‌കാരച്ചടങ്ങിനിടെയായിരുന്നു സംഭവം.

ചടങ്ങിലെ മുഖ്യമന്ത്രിമാരുടെ ഫോട്ടോ സെഷനിലാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി വി.എസിന്റെ ചുമലില്‍ കൈവെച്ചത്. മുതിര്‍ന്ന മുഖ്യമന്ത്രിയെന്ന പരിഗണനയില്‍ വി.എസിന് ഒത്ത നടുക്കാണ് സ്ഥാനം ലഭിച്ചത്. തൊട്ടടുത്ത് തന്നെയായിരുന്നു മോഡിയും നിന്നത്. ഈ സമയത്താണ് മോഡി സൗഹൃദ ഭാവേന ചിരിച്ചുകൊണ്ട് കൈയ്യെടുത്ത് വി.എസിന്റെ ചുമലില്‍ വെച്ചത്. എന്നാല്‍ പന്തികേട് മനസിലാക്കി വി.എസ് ഒരു ചെറു ചിരിയോടെ മോഡിയുടെ കൈ ചുമലില്‍ നിന്ന് എടുത്ത് മാറ്റുകയായിരുന്നു.

തൊട്ടടുത്തുണ്ടായിരുന്ന ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയെ നരേന്ദ്രമോഡിയുടെ അടുത്തേയ്ക്ക മാറ്റിനിര്‍ത്തിയാണ് വിഎസ് സ്ഥലം മാറി നിന്നത്.

ചടങ്ങിനെത്തിയ വി.എസ്, നരേന്ദ്ര മോഡി, സുശീല്‍ കുമാര്‍ മോഡി, ഹിമാചല്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേശ് പൊക്രിയാള്‍, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരായിരുന്നു ഫോട്ടോ സെഷവില്‍ അണിനിരന്നത്.

മികച്ച ഭരണനിര്‍വഹണത്തിനുള്ള അവാര്‍ഡ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയില്‍നിന്ന് വി.എസ്. ഏറ്റുവാങ്ങി. വി.എസിന്റെ പ്രവര്‍ത്തനത്തെ പ്രത്യേകം പ്രശംസിച്ച ജൂറി സര്‍ക്കാര്‍ കൈക്കൊണ്ട വിവിധ നടപടികള്‍ മൂലം ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ഏറെ പുരോഗതിയുണ്ടായതായി വിലയിരുത്തി.