തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ജസ്റ്റിസ് മോഹന്‍കുമാറിനെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പി.ശശിയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജസ്റ്റിസ് മോഹന്‍കുമാറിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം നിയമ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ആര്യാടന്‍ മുഹമ്മദ് കൊണ്ട് വന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മോഹന്‍കുമാറിനെതിരെ താന്‍ കോടതിയില്‍ പോയിട്ടുണ്ട്. പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു അത്. ആ ഘട്ടത്തിലൊന്നും മോഹന്‍കുമാര്‍ തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ആരെയെങ്കിലും താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ മോഹന്‍കുമാര്‍ തന്നെ അത് വെളിപ്പെടുത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍വാണിഭക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന നീക്കത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്ന് മറുപടിപ്രസംഗം നടത്തിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പി.ശശിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍കുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. പി.ശശിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞാലിട്ടുക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ എന്ത്‌കൊണ്ട് ശശിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നില്ലെന്ന് ആര്യാടന്‍ മുഹമ്മദ് ചോദിച്ചു. സര്‍ക്കാര്‍ മറുപടിയില്‍ തൃപ്തരാകാതിരുന്ന പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.