തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന്‍ വി.എ അരുണ്‍കുമാര്‍ ചന്ദനമാഫിയയില്‍ നിന്ന് കോഴവാങ്ങിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.ബാബു എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.

കാസര്‍കോട്ടെ ചില സ്വകാര്യ ചന്ദനഫാക്ടറി ഉടമകളില്‍ നിന്നും വി.എസിന് വേണ്ടി മകന്‍ അരുണ്‍കുമാര്‍ ഏഴ് ലക്ഷം രൂപ കോഴവാങ്ങിയെന്ന് കഴിഞ്ഞ ദിവസം ജയ് ഹിന്ദ് ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ മറുപടി

‘ചന്ദനമാഫിയ വളര്‍ന്നത് യു.ഡി.എഫ് ഭരണകാലത്താണ്. എന്റെ മകനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അന്നത്തെ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല. മുഖം വികൃതമായാല്‍ കണ്ണാടി പൊട്ടിച്ചിട്ടും കാര്യമില്ല. കാസര്‍കോട്ടെ ഖാദര്‍ എന്ന വ്യക്തി ഏഴ് ലക്ഷം രൂപ എന്റെ മകന് കൈക്കൂലി കൊടുത്തു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം പരിഹാസ്യമാണ്. എല്ലാ പ്രാവശ്യവും മകനുനേരെ ആരോപണം ഉന്നയിച്ച ശേഷം മാപ്പുപറഞ്ഞ വ്യക്തിയാണ് എം.എം ഹസ്സന്‍.’

‘മന്ത്രിയായതിനുശേഷം പെണ്‍വാണിഭം നടത്തിയ ചിലരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായി അറിയാം. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇന്ത്യാവിഷന്‍ കൈമാറിയിട്ടുണ്ട്.’