തിരുവനന്തപുരം: ലോട്ടറികേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചു എന്ന വാദത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ഇന്നലെ വൈകിട്ട് ആറുമണിക്കുശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി ലഭിച്ചത്. സി.ബി.ഐ അന്വേഷണക്കാര്യത്തില്‍ വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് കുഴപ്പത്തിലാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ അയച്ച കത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനുശേഷമാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.

കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്നും ചിദംബരത്തിന് അയച്ച കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളാണ് സൂചിപ്പിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ മുഖ്യമന്ത്രി അയച്ച കത്തിന്റെ കോപ്പി ഇതിനൊടൊപ്പം വച്ചിട്ടിലല്ല. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ കത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.