ice cream investigationതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകളും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ (ആര്‍.ജി.സി.ബി.ടി) ശാസ്ത്രജ്ഞയുമായ ഡോ. വി.വി. ആശക്കെതിരെ ഭരണപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആരോപണം അന്വേഷിച്ച വനം സെക്രട്ടറി സാജന്‍ പീറ്ററിന്റെ റിപ്പോര്‍ട്ടാണ് യു.ഡി.എഫിന് തിരിച്ചടിയാവുന്നത്.

ഡോ. ആശക്ക് വനംവകുപ്പിന്റെ കേരളാ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്ന് ഗവേഷണത്തിനായി കൂടുതല്‍ തവണ അനുമതി നല്‍കിയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണെന്ന് വനംമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആകെ അഞ്ച് പ്രാവശ്യമാണ് ആശക്ക് ഗവേഷണത്തിന് ഫണ്ട് അനുവദിച്ചത്. ഇതില്‍ മൂന്നുപ്രാവശ്യവും യു.ഡി.എഫ് ഭരണകാലത്താണ്. ഡോ.ആശയുടെ നാലും അഞ്ചും പ്രോജക്ടുകളാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ചത്. ഡോ. ആശ ഗവേഷണത്തിന്റെ പേരില്‍ വനംവകുപ്പിന്റെ ഫണ്ടില്‍ നിന്നും 32 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു പ്രധാന ആരോപണം.

ഡോ. ആശയുടെ നാലും അഞ്ചും പ്രോജക്ടുകളാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ചത്. ആര്‍.ജി.സി.ബി.ടിക്ക് ആകെ അനുവദിച്ച ഏഴ് പ്രോജക്ടുകളില്‍ അഞ്ചെണ്ണം ലഭിച്ചത് ആശക്കായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റ് മൂന്ന് പേര്‍ക്ക് നാല് പ്രോജക്ടുകള്‍ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാകുന്നു.

ടെറിഡോഫൈറ്റ്‌സ് സസ്യ വിഭാഗത്തില്‍ നിന്ന് ആദിവാസികളുള്‍പ്പെടെ ഉപയോഗിക്കുന്ന പരമ്പരാഗത മരുന്നുകള്‍, ഔഷധ ഗുണമുള്ള ഇവയുടെ ജനിതക പാരമ്പര്യം നിശ്ചയിക്കുക, ഹെപ്പറ്റൈറ്റിസ് ബി വിരുദ്ധ വൈറസ്, കരള്‍ രോഗങ്ങള്‍, ലിവര്‍ കാന്‍സര്‍ സെല്ലുകള്‍ എന്നിവ സംബന്ധിച്ച ഗവേഷണമാണ് ആശ നടത്തിയത്. എന്നാല്‍ ഗവേഷണം നടത്തിയ ഔഷധ സസ്യങ്ങളില്‍ നിന്ന് വികസിപ്പിക്കുന്ന മരുന്നുകളും അവയെ വാണിജ്യപരമായി വികസിപ്പിക്കുന്നതും ഈ വനസസ്യങ്ങളുടെ മേന്മ വര്‍ധിപ്പിക്കുമെന്ന് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഫണ്ടിന്റെ ചുമതലയുള്ള അഡീഷനല്‍ പി.സി.സി.എഫ് വനം സെക്രട്ടറിക്ക് നല്‍കിയ മറുപടിയില്‍ വിശദീകരിക്കുന്നു.

അതേസമയം പ്രോജക്ടിന്റെ അവസാനം റിപ്പോര്‍ട്ട് ഫണ്ടിങ് ഏജന്‍സിക്ക് നല്‍കണമെന്നിരിക്കെ ആശ അത് വനംവകുപ്പിന് സമര്‍പ്പിച്ചില്ലെന്നും ഇത് ലഭ്യമാക്കാന്‍ വനംവകുപ്പ് ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശ പൂര്‍ത്തിയാക്കിയ പ്രോജക്ടുകളുടെ തെളിവുകളും ശാസ്ത്ര ജേര്‍ണലുകളില്‍ അവ പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പും ആര്‍.ജി.സി.ബി.ടിയില്‍ നിന്ന് ലഭ്യമാക്കിയെങ്കിലും വനം വകുപ്പില്‍ അതില്ലായിരുന്നത് വകുപ്പ് അധികൃതരുടെ വീഴ്ചയാണെന്നും പറയുന്നു.