തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ തിലകനെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. തിലകന്‍ ആരോഗ്യനില വീണ്ടെടുത്ത് മടങ്ങിവരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് വി.എസ് പറഞ്ഞു.

Ads By Google

തിലകന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. എന്നാല്‍ ഇത്തരം ഗുരുതരാവസ്ഥ അദ്ദേഹത്തിന് ഇതിനു മുമ്പുമുണ്ടായിട്ടുണ്ട്. തിലകന് ഈ അവസ്ഥയെ അതിജീവിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

തിലകന്റെ ആശുപത്രിച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ് കരുതുന്നതെന്നും വി.എസ് പറഞ്ഞു.

അതിനിടെ തിലകന്റെ നില ഗുരുതരമായി തുടരുകയാണ്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. പൂര്‍ണമായും അബോധാവസ്ഥയില്‍ കഴിയുന്ന തിലകന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞമാസം അവസാനം ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിലകനെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് മൂന്ന് ദിവസം മുമ്പാണ് മാറ്റിയത്. മക്കളായ ഷമ്മി തിലകനും ഷോബി തിലകനും മറ്റ് ബന്ധുക്കളും ആശുപത്രിയിലുണ്ട്.