തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 26ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട എന്‍ഡോസള്‍ഫാന്‍ ഇരകളെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. പത്ത് വര്‍ഷമായി പഠനങ്ങള്‍ നടത്തിയിട്ടും ഇപ്പോഴും പൂജ്യത്തില്‍ തന്നെയാണുള്ളത്. ഇനിയും പഠനം എന്ന് പറയുന്നത് ഇരകളോടുള്ള അവഹേളനമാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം അറിയിക്കും.

റേഷന്‍ വ്യാപാരികള്‍ 8 രൂപ 90 പൈസയ്‌ക്കെടുത്ത അരി 2 രൂപയ്ക്ക് കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാക്കി തുക കണക്ക് തീര്‍ക്കുന്ന മുറയ്ക്ക് നല്‍കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വൈകിയത് അരിവിതരണത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി.

കുട്ടനാട് കൃഷിനാശത്തിന് ഹെക്ടറിന് 10,000 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കും. കേടായ കൊയ്ത്തുയന്ത്രങ്ങള്‍ കേടുപാടുകള്‍ തീര്‍ത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. മലയാളം ഔദ്യോഗിക ഭാഷയായി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.