എഡിറ്റര്‍
എഡിറ്റര്‍
കേസ് നടത്താന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് വി.എസിന്റെ കത്ത്
എഡിറ്റര്‍
Friday 29th June 2012 1:20pm

തിരുവനന്തപുരം:  കേസ് നടത്തിപ്പിന് പണം വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എമ്മിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കത്ത്. പത്ത് ലക്ഷം രൂപ നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

നേരത്തെയും കേസ് നടത്താന്‍ പണം ആവശ്യപ്പെട്ട് വി.എസ് പാര്‍ട്ടിക്ക് കത്തയച്ചിരുന്നു.  വി.എസ് ആവശ്യപ്പെട്ടതനുസരിച്ച് കേസ് നടത്താന്‍ പാര്‍ട്ടി 10 ലക്ഷം രൂപ നല്‍കിയതായി മേഖലാ റിപ്പോര്‍ട്ടിംഗില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഈ പണം എങ്ങനെയാണ് ചിലവഴിച്ചതെന്ന് പാര്‍ട്ടിയെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നായിരുന്നു ഇത് സംബന്ധിച്ച് വി.എസ് മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞദിവസം പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് വി.എസ് വീണ്ടും കത്തയച്ചിരിക്കുന്നത്.

പാമോലിന്‍, ഐസ്‌ക്രീം പാര്‍ലര്‍ കേസുകള്‍ നടത്താനാണ് പാര്‍ട്ടി നല്‍കിയ തുക ഉപയോഗിച്ചതെന്ന് വി.എസ് കത്തില്‍ പറയുന്നു. കേസുകള്‍ കൈകാര്യം ചെയ്ത പ്രമുഖ അഭിഭാഷകര്‍ ഫീസ് വാങ്ങിയിരുന്നില്ല. യാത്ര, കോടതി ചിലവ്, താമസം, നിയമോപദേശത്തിനുള്ള ചിലവ് എന്നിവയ്ക്കുവേണ്ടിയാണ് പണം ചിലവഴിച്ചത്. ഇനിയും കേസുകളുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാല്‍ ഇനിയും പണം ആവശ്യമുണ്ടെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞദിവസമാണ് വി.എസിന്റെ കത്ത് സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചത്. കത്തില്‍ സംസ്ഥാന കമ്മിറ്റി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Advertisement