എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് താനല്ല, ടി.പി വധം: വി.എസ്
എഡിറ്റര്‍
Wednesday 20th June 2012 2:44pm

തിരുവനന്തപുരം:  തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് സംസ്ഥാന സമിതിയില്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം വി.എസ് അച്യുതാനന്ദന്റെ മറുപടി. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് തന്റെ നിലപാടുകളല്ലെന്നും വി.എസ് പറഞ്ഞു.

തന്റെ പ്രസ്താവനയല്ല, ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. സംഘടനാകാര്യങ്ങളില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും വി.എസ് പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്നാണ് താന്‍ പറഞ്ഞത്. എസ്.എഫ്.ഐയിലൂടെ വന്ന സഖാവ് കമ്മ്യൂണിസ്റ്റ് അല്ലെന്നാണോ അഭിപ്രായം. ഒഞ്ചിയത്തെ സഖാക്കള്‍ കുലംകുത്തികളായിരുന്നെങ്കില്‍ എന്തിനാണ്  തന്നെ ഒഞ്ചിയത്തേയ്ക്ക് പ്രസംഗിക്കാന്‍ അയച്ചത്. താന്‍ പ്രസംഗിച്ചതിന് പിന്നാലെ പിണറായി വിജയന്‍ വീണ്ടും കുലംകുത്തി പ്രയോഗം നടത്തി. വിജയന്‍ കുലംകുത്തികള്‍ എന്ന് വിളിക്കാത്തവര്‍ മാത്രമാണോ പാര്‍ട്ടിയില്‍ വേണ്ടതെന്നും വി.എസ് സംസ്ഥാന സമിതി യോഗത്തില്‍ ചോദിച്ചു.

ഒഞ്ചിയത്തെ സഖാക്കളെ തിരികെ കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥമായ ശ്രമം പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ല. 17ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചപ്രകാരം പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും വി.എസ് പറഞ്ഞു.

അതേസമയം, ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവര്‍ത്തിച്ചു.

രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ വി.എസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. വി.എസ് സ്വയം തിരുത്താന്‍ തയ്യാറാവണം. സ്വയം തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെടണമെന്നും ഔദ്യോഗികപക്ഷം ആവശ്യപ്പെട്ടു.

Advertisement