തിരുവനന്തപുരം: പി.സി ജോര്‍ജ് ദിവസവും വാര്‍ത്തകള്‍ക്കുവേണ്ടി അതും ഇതും പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കൊച്ചി ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ നിയമനവുമായി ബന്ധപ്പെട്ട് വി.എസ് തിരിമറി നടത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘പി.സി ജോര്‍ജ് ദിവസവും വാര്‍ത്തകള്‍ക്കുവേണ്ടി അതും ഇതും പറയുന്നത് നിങ്ങള്‍ ഏറ്റെടുക്കുന്നതിന് മറുപടി പറയാന്‍ എനിക്കാവില്ല. ‘ ഇതായിരുന്നു വി.എസിന്റെ പ്രതികരണം.

സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം

‘ജിജോ ജോസഫിന് നിയമനം ലഭിച്ചതില്‍ ബാഹ്യ ഇടപെടല്‍ നടത്തിയെന്ന പി.സി ജോര്‍ജിന്റെ ആരോപണത്തില്‍ കഴമ്പില്ല. ആ സ്ഥാനത്തിന് യോഗ്യനായ വ്യക്തിയാണ് ജിജോ ജോര്‍ജ്. അക്കാദമിക് തലത്തിലായാലും കഴിവിന്റെ കാര്യത്തിലായാലും അദ്ദേഹത്തിന് യോഗ്യതയുണ്ട്. അദ്ദേഹത്തിന്റെ നിയമനത്തില്‍ എന്റെ ഭാഗത്തുനിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. ഇടപെടലിന്റെ ആവശ്യവുമില്ല. ഇടപെടല്‍ ഉണ്ടായിട്ടുമില്ല. ജിജോ ജോസഫ് എന്റെ ബന്ധുവാണെന്ന കാര്യം വി.എസ് അറിയുന്നത് തന്നെ ഇപ്പോഴായിരിക്കും.’

‘ പി.സി ജോര്‍ജ് ചൂണ്ടിക്കാണിച്ച തെളിവുകളില്‍ എനിക്ക് വിശദീകരണം നല്‍കാനാവില്ല. സ്ഥാനം നിഷേധിക്കപ്പെട്ടു എന്നു പറയുന്ന കിഷോര്‍ പിള്ള ഇതുവരെ പരാതികളൊന്നും നല്‍കിയിട്ടില്ല. നിയമനത്തില്‍ ഇടപെടല്‍ നടന്നിട്ടുണ്ടെങ്കില്‍ അയാള്‍ പരാതി നല്‍കുമായിരുന്നല്ലോ. പിന്നെ സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവായതുകൊണ്ട് ഒരാള്‍ക്ക് ജോലിയ്ക്ക് കയറാനാവില്ല എന്നു പറയുന്നത് ശരിയാണോ. എന്റെ ബന്ധുക്കളില്‍ നല്ല വിദ്യാഭ്യാസയോഗ്യതയുള്ള നിരവധി ആളുകളുണ്ട്. ഞാന്‍ ഇടപെട്ടിട്ടല്ല അവര്‍ക്കൊന്നും ജോലി ലഭിച്ചത്. ‘
ജോജി ജോസഫ്

‘ വി.എസ് അച്യുതാനന്ദനെ എനിക്ക് യാതൊരു പരിചയവുമില്ല. പിന്നെ സെബാസ്റ്റ്യന്‍ പോള്‍ എന്റെ ഭാര്യയുടെ അങ്കിളാണ്. അദ്ദേഹം എന്റെ ബന്ധുവാണെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഇതിനു മുമ്പ് ഞാന്‍ പങ്കെടുത്ത ഇന്റര്‍വ്യൂയിലെല്ലാം എനിക്ക് ജോലി കിട്ടിയിട്ടുണ്ട്. ഞാനൊരു പ്രഫഷണലാണ്.

ഒക്ടോബറിലാണ് സി.ഇ.ഒ പോസ്റ്റിലേക്കുള്ള നോട്ടിഫിക്കേഷന്‍ വന്നത്. ഞാന്‍ അപേക്ഷിച്ചു. അതുപ്രകാരം എന്നെ ഇന്റര്‍വ്യൂയിന് വിളിച്ചു. ഇന്റര്‍വ്യൂ കഴിഞ്ഞശേഷം രണ്ടാം ഘട്ട അഭിമുഖത്തിന് വിളിച്ചു. സാലറി ബെയ്‌സ് ആയിട്ടുള്ള കാര്യങ്ങളാണ് അവര്‍ ചോദിച്ചത്. ഞങ്ങള്‍ക്ക് ഒരുലക്ഷം രൂപയേ തരാന്‍ പറ്റൂയെന്ന് അവര്‍ പറഞ്ഞു. ഞാന്‍ ആ സമയത്ത് ഇന്‍ഫോസില്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അമേരിക്കയില്‍ ഞാന്‍ ജോലി ചെയ്തപ്പോള്‍ ലഭിച്ചതിന്റെ പകുതി സാലറിക്കാണ് ഇന്‍ഫോസിസില്‍ വര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അതില്‍ കുറഞ്ഞ സാലറിക്ക് കേരളത്തില്‍ ജോലി ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം ഫെബ്രുവരിയില്‍ എനിക്ക് ഓഫര്‍ ലെറ്റര്‍ കിട്ടി. ഇന്‍ഫോസിസില്‍ കുറച്ചുദിവസം കൂടി നില്‍ക്കേണ്ടതുണ്ടെന്നും അതുകഴിഞ്ഞേ ജോയിന്‍ ചെയ്യാന്‍ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു. അവരത് സമ്മതിച്ചു. അങ്ങനെ മെയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.’