എഡിറ്റര്‍
എഡിറ്റര്‍
ഭരണത്തിന്റെ നേട്ടം വട്ടപ്പൂജ്യം
എഡിറ്റര്‍
Friday 18th May 2012 9:56am

യു.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ലേഖനം

വികസനരംഗത്ത് വട്ടപ്പൂജ്യമാണ് ഒരു വര്‍ഷത്തെ യു.ഡി.എഫ്. ഭരണകാലത്തെ അനുഭവം. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അടിസ്ഥാന സൗകര്യ പ്രവൃത്തികള്‍ ആരംഭിക്കുകയും പദ്ധതിക്കാവശ്യമായ മുടക്കുമുതല്‍ ലഭ്യമാക്കാന്‍ എസ്.ബി.ടി.യുടെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചതുമായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നശേഷം വിഴിഞ്ഞം പദ്ധതി അനിശ്ചിതത്വത്തിലായി. മെട്രോ റെയില്‍ പദ്ധതിയുടെ അടിസ്ഥാന സൗകര്യ പ്രവൃത്തി എല്‍.ഡി.എഫ്. ഭരണകാലത്ത് ആരംഭിച്ചതാണ്. എന്നാല്‍ ഡി.എം.ആര്‍.സി.യെയും ഇ. ശ്രീധരനെയും പദ്ധതിയില്‍ നിന്നൊഴിവാക്കാന്‍ ചരടുവലിച്ച യു.ഡി.എഫ്. സര്‍ക്കാര്‍ ആ പദ്ധതിയെയും അനിശ്ചിതത്വത്തിലാക്കി. മെട്രോ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ 12 കോടി രൂപ പുത്തന്‍ തലമുറ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചതുമാത്രമാണ് അക്കാര്യത്തില്‍ ഉണ്ടായ ഏക ‘പുരോഗതി’.

കണ്ണൂര്‍ വിമാനത്താവളത്തിനാവശ്യമായ ഭൂമി അക്വയര്‍ ചെയ്ത് നിര്‍മാണം തുടങ്ങുന്നതിന് മുന്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ വന്ന് ഒരു വര്‍ഷമായിട്ടും അക്കാര്യത്തില്‍ ഒരു പുരോഗതിയുമില്ല. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നതിനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയതാണ്. എന്നാല്‍ ആ പദ്ധതിയുമായി ബന്ധപ്പെട്ട പവലിയന്‍ നിര്‍മാണം പോലും ഒരു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

പാലക്കാട് കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി അനുവദിക്കപ്പെട്ടത് എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ്. പദ്ധതിക്കാവശ്യമായ സ്ഥലം മുന്‍സര്‍ക്കാര്‍ തന്നെ ലഭ്യമാക്കി. എന്നാല്‍ പദ്ധതി നീട്ടിക്കൊണ്ടുപോയി അനിശ്ചിതത്വത്തിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പിറവം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോച്ച് ഫാക്ടറിയുടെ തറക്കല്ലിടല്‍ പാലക്കാട് ടൗണില്‍ വെച്ച് നടത്തി. എന്നാല്‍ ഇപ്പോള്‍ ആ പദ്ധതിയെക്കുറിച്ച് മിണ്ടാട്ടമേയില്ല.

വികസന  ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ സര്‍വകാല റെക്കോഡാണ് എല്‍.ഡി.എഫ്. ഗവണ്‍മെന്റ് സൃഷ്ടിച്ചത്. ആ നേട്ടങ്ങളില്‍ നിന്നും കേരളത്തെ പൂര്‍ണമായും പിറകോട്ട് വലിക്കുന്ന പ്രവൃത്തിയാണ് കഴിഞ്ഞ ഒരുവര്‍ഷമായി യു.ഡി.എഫ്. ഗവണ്‍മെന്റ് നടത്തിയത്.

ജനജീവിതം ദുസ്സഹമാക്കിയെന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നേട്ടം. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇത്രയും വിലക്കയറ്റമുണ്ടായ ഒരു കാലം മുമ്പുണ്ടായിരുന്നില്ല. പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കുകയാണ്. റേഷനരി കൃത്യമായി വിതരണം ചെയ്യുന്നില്ല. റേഷനരിക്കു പുറമേ 13 അവശ്യസാധനങ്ങള്‍ കൂടി റേഷന്‍കട വഴി വിതരണം ചെയ്യുന്ന പദ്ധതി എല്‍.ഡി.എഫ്. ഭരണകാലത്ത് ആരംഭിച്ചതാണ്. എന്നാല്‍ അതിപ്പോള്‍ നിലച്ചു. റേഷന്‍ ഗോതമ്പ് മുഴുവന്‍ സ്വകാര്യ മില്ലുകള്‍ക്ക് മറിച്ചുവില്‍ക്കാന്‍ തീരുമാനിച്ചു. കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനെതിരെ സമ്മര്‍ദം ചെലുത്തുകയല്ല, പകരം റേഷന്‍ മണ്ണെണ്ണ വിതരണം പൂര്‍ണമായും റദ്ദാക്കുകയാണ് ചെയ്തത്. സബ്‌സിഡി നല്‍കിക്കൊണ്ട് നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കിയിരുന്നു എല്‍.ഡി.എഫ്. സര്‍ക്കാര്‍.

വിപണി ഇടപെടലിനാവശ്യമായ പണം മുഴുവന്‍ അനുവദിച്ചു. എന്നാല്‍ കേവലം അമ്പതുകോടി രൂപയാണ് യു.ഡി.എഫ്. ഗവണ്‍മെന്റ് വിപണി ഇടപെടലിന് നീക്കിവെച്ചത്. ആ തുക തികച്ചും അപര്യാപ്തമായതിനാല്‍ മാവേലി സ്‌റ്റോറുകളില്‍ സാധനങ്ങള്‍ കിട്ടാനില്ല. പഴത്തിനും പച്ചക്കറികള്‍ക്കുമെല്ലാം തീവിലയാണ്. ഈ രംഗത്ത് സബ്‌സിഡിയോടെ അരിവിതരണം വ്യാപിപ്പിക്കാന്‍ തയ്യാറായില്ല.
കടങ്ങള്‍ എഴുതിത്തള്ളിയും മറ്റുവിവിധ നടപടികള്‍ സ്വീകരിച്ചും കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കാന്‍ എല്‍.ഡി.എഫ്. ഗവണ്‍മെന്റിന് കഴിഞ്ഞു. എന്നാല്‍ കാര്‍ഷിക മേഖലയില്‍ കടക്കെണിയും വിലത്തകര്‍ച്ചയും അതുകാരണം ആത്മഹത്യയും വീണ്ടും തിരിച്ചുവന്നിരിക്കുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ അറുപതോളം കൃഷിക്കാരാണ് ആത്മഹത്യചെയ്തത്. ഉത്പന്നങ്ങള്‍ക്ക് ആദായവില ഉറപ്പാക്കാനും സംഭരണം കാര്യക്ഷമമാക്കാനും കടാശ്വാസ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ല. നെല്ല് സംഭരിച്ച വകയില്‍ നൂറുകോടിയോളം രൂപ കൃഷിക്കാര്‍ക്ക് നല്‍കാന്‍ ബാക്കിയാണ്.

തികച്ചും ജനാധിപത്യ വിരുദ്ധ നടപടിയാണ് യു.ഡി.എഫ്. സര്‍ക്കാറിന്റെ മുഖമുദ്ര. ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണബാങ്കിന്റെയും ഭരണസമിതി പിരിച്ചുവിട്ടു. സഹകരണ മേഖലയിലേക്ക് വരേണ്ട നിക്ഷേപം സ്വകാര്യ പുത്തന്‍തലമുറ ബാങ്കുകളിലേക്ക് തിരിച്ചുവിടാന്‍ ആസൂത്രിതശ്രമം നടക്കുന്നു. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കി സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.

സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ ഓര്‍ഡിനന്‍സിലൂടെ പിടിച്ചടക്കി സാമുദായിക  വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെട്ട് അനര്‍ഹരെ തിരുകിക്കയറ്റുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് അസ്വാസ്ഥ്യം സൃഷ്ടിച്ചിരിക്കുകയാണ്. അണ്‍ എയ്ഡഡ് സ്‌കൂള്‍ കണ്ടമാനം അനുവദിച്ച് പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നു. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി കണ്ടെടുക്കുന്നതിനുവേണ്ടി ഒരു തീവ്രയത്‌നം തന്നെ ഞങ്ങളുടെ സര്‍ക്കാര്‍ നടത്തുകയുണ്ടായി. മൂന്നാറില്‍ മാത്രം പന്തീരായിരത്തില്‍പ്പരം ഏക്കര്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ പതിനയ്യായിരത്തോളം ഏക്കര്‍ ഭൂമി അങ്ങനെ വീണ്ടെടുക്കാന്‍ കഴിഞ്ഞു.

എന്നാല്‍, ഈ ഗവണ്‍മെന്റ് വന്ന ഉടനെത്തന്നെ മൂന്നാറില്‍ വീണ്ടും ഭൂമി കൈയേറ്റം തുടങ്ങി. മുന്‍ സര്‍ക്കാര്‍ വീണ്ടെടുത്തതുള്‍പ്പെടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഇപ്പോള്‍ കൈയേറിക്കഴിഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. ഭൂമി വീണ്ടെടുക്കുന്നതിന് ആ യോഗത്തില്‍ ഞാന്‍ ചില ക്രിയാത്മക നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയുണ്ടായി. അതെല്ലാം അംഗീകരിക്കുന്നുവെന്ന് സമ്മതിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാറില്‍ പലതവണ സഞ്ചരിച്ചു. എന്നാല്‍ ഒരിഞ്ച് ഭൂമിപോലും വീണ്ടെടുത്തില്ലെന്നുമാത്രമല്ല കൈയേറ്റം യഥേഷ്ടം നടക്കുകയുമാണ്. ഇപ്പോള്‍ ആ വകുപ്പിന്റെ മന്ത്രി മാറി. പുതിയ മന്ത്രിയും മൂന്നാര്‍ സന്ദര്‍ശിക്കുമോ നടപടിയെടുക്കുമോ എന്നറിഞ്ഞില്ല.

ഭൂമി കൈയേറ്റം സര്‍വകലാശാലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടി അധ്യക്ഷന്‍ ചെയര്‍മാനായ സൊസൈറ്റിക്കും മന്ത്രി മുനീറിന്റെയും മന്ത്രി കുഞ്ഞാലിക്കുട്ടിയുടെയും ബന്ധുക്കള്‍ നയിക്കുന്ന സൊസൈറ്റികള്‍ക്കും വന്‍തോതില്‍ ഭൂമി നല്‍കി. ഈ ഭൂമികുംഭകോണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കൈമാറ്റം തത്കാലം നിര്‍ത്തിവെച്ച് മുഖം രക്ഷിക്കാനാണ് ശ്രമിച്ചത്.

വൈദ്യുതി രംഗത്ത് എല്‍.ഡി.എഫ്. ഭരണകാലത്ത് വമ്പിച്ച പുരോഗതിയുണ്ടായി. ഉത്പാദനരംഗത്തും വിതരണ രംഗത്തും കുതിച്ചുചാട്ടമുണ്ടായി. കേന്ദ്രവിഹിതം ഗണ്യമായി കുറഞ്ഞിട്ടും പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തിയില്ല. വൈദ്യുതി ചാര്‍ജ് കൂട്ടിയില്ല. അഞ്ചു വര്‍ഷത്തിനകം 23 ലക്ഷത്തോളം പുതിയ കണക്ഷന്‍ നല്‍കി. കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി അഞ്ച് ജില്ലകളെയും എണ്‍പതില്‍പ്പരം അസംബ്ലി മണ്ഡലങ്ങളെയും സമ്പൂര്‍ണ വൈദ്യുതീകൃത മേഖലയാക്കി മാറ്റി. എന്നാല്‍ ഇന്നെന്താണവസ്ഥ?

അഞ്ചു വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തി എന്നതാണ് യു.ഡി.എഫ്. സര്‍ക്കാറിന്റെ മറ്റൊരു നേട്ടം. ഒരു കൊല്ലത്തിനിടയില്‍ രണ്ടു തവണ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയതിനു പുറമേ 300 യൂണിറ്റിലധികം ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും പത്ത് രൂപയായി ചാര്‍ജ് കൂട്ടി. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനുശേഷം വൈദ്യുതി ചാര്‍ജ് വന്‍തോതില്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ പോകുന്നു.

അഞ്ചാം മന്ത്രിസ്ഥാനം വിവാദമാക്കിയതും അത് വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ കാരണക്കാരായതും കോണ്‍ഗ്രസ്സാണ്. അഞ്ചാം മന്ത്രിസ്ഥാനം നല്‍കാമെന്ന് രഹസ്യമായി സമ്മതിക്കുകയും പരസ്യമായി വിസമ്മതിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. മുസ്‌ലിംലീഗാകട്ടെ ഈ പ്രശ്‌നം തികച്ചും വര്‍ഗീയമായി കൈകാര്യം ചെയ്യുകയും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനെതിരെ അക്രമാസക്തമായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ അഞ്ചാം മന്ത്രിസ്ഥാനം നല്‍കാന്‍ നിര്‍ബന്ധിതമാകുകയും അതിന്റെ കുറ്റബോധത്തില്‍ സ്വന്തംവകുപ്പുകള്‍ ഉപേക്ഷിക്കുകയും ജാതിയടിസ്ഥാനത്തില്‍ വകുപ്പ് പുനഃസംഘടന നടത്തുകയും ചെയ്തു. മന്ത്രിസഭാ രൂപവത്കരണവും വകുപ്പുവിഭജനവും സാമുദായികവര്‍ഗീയാടിസ്ഥാനത്തിലാക്കുന്ന ഒരു വഴക്കം സൃഷ്ടിച്ചുവെന്നതാണ് പ്രശ്‌നം. സാമുദായികവര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെട്ട് ഭരണം നടത്തുന്ന ഒരു ഗവണ്‍മെന്റാണ് യു.ഡി.എഫിന്റേത്. ഇത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ ഒറ്റുകൊടുക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഏറ്റവുമൊടുവില്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് വന്നിരിക്കുന്നു. കേരള താത്പര്യത്തിന് പൂര്‍ണമായും എതിരായ റിപ്പോര്‍ട്ടുണ്ടായതിന് പിന്നില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അലംഭാവമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ വെള്ളം ഇടുക്കി അണക്കെട്ട് താങ്ങിക്കൊള്ളും, അഞ്ഞൂറില്‍ താഴെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട പ്രശ്‌നമേയുള്ളൂ, അതിന് ഏഴ് സ്‌കൂളുകള്‍ കണ്ടുവെച്ചിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ഈ സര്‍ക്കാറാണ്. അതാണ് തമിഴ്‌നാട് സര്‍ക്കാറും അവിടത്തെ പ്രതിപക്ഷവും തുറുപ്പുചീട്ടായി ഉപയോഗപ്പെടുത്തുന്നത്. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന തത്ത്വത്തിലൂന്നി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍, പുതിയ അണക്കെട്ട് എന്ന 1979ല്‍ തമിഴ്‌നാട് കൂടി അംഗീകരിച്ച പരിഹാരമാര്‍ഗം യാഥാര്‍ഥ്യമാക്കുന്നതില്‍, കേന്ദ്രത്തെ ഇടപെടുവിക്കാന്‍ പോലും യു.ഡി.എഫ്. സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. അഥവാ കേന്ദ്ര കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ താത്പര്യത്തിന് വഴങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

യു.ഡി.എഫ്. അടിച്ചേല്‍പ്പിച്ച ഒരു ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം നടക്കുന്നത്. നിലവിലുള്ള ഒരു എം.എല്‍.എ.യെ കാലുമാറ്റിച്ച് വീണ്ടും തിരഞ്ഞെടുപ്പിന് നിര്‍ത്തിയ നെറികേടും ജീര്‍ണരാഷ്ട്രീയവുമാണ് നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്. കൈയാളുന്നത്. യു.ഡി.എഫില്‍ ചേരുന്നത് ആത്മഹത്യാപരമാണെന്ന് പ്രസ്താവനയിറക്കിയ കാലുമാറ്റക്കാരനെ അടുത്തദിവസം തന്നെ കോണ്‍ഗ്രസ്സില്‍ ചേര്‍ത്ത് സ്ഥാനാര്‍ഥിയായി പേറിനടക്കുന്ന അപഹാസ്യമായ അവസ്ഥയിലാണ് യു.ഡി.എഫ്. ഒരു വര്‍ഷക്കാലത്തെ യു.ഡി.എഫ്. ദുര്‍ഭരണത്തിനും അവരുടെ ജീര്‍ണ രാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്താവും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്.

Advertisement