vs achuthanandanതിരുവനന്തപുരം: പട്ടിക വിഭാഗക്കാരനായ രജിസ്‌ട്രേഷന്‍ ഐ.ജി വിരമിച്ചശേഷം ഓഫീസ് ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ഐജിയുടെ ചുമതല വഹിക്കുന്നയാളെ നീക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പട്ടിക വിഭാഗക്കാരനായ എ.കെ രാമകൃഷ്ണന്‍ ഉപയോഗിച്ച മുറി ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു എന്ന പരാതിയുമായി ബന്ധപ്പെട്ടാണ് നടപടി.ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ഐജിയുടെ ചുമതല വഹിക്കുന്ന ജോയന്റ് ഐജിയെ മാറ്റി പകരം ബാലകൃഷ്ണന്‍ ഐ.എ.എസിനെ രജിസ്‌ട്രേഷന്‍ ഐജിയായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 31ന് രാമകൃഷ്ണന്‍ വിരമിച്ചതിന്റെ പിറ്റേന്നാണ് ചാണകവെള്ളം തളിച്ച് ശുദ്ധീകരണം നടന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പട്ടിക ജാതിയിലെ കണക സമുദായ അംഗമായ താന്‍ വകുപ്പ് തലവനായിരുന്ന ഓഫീസും പരിസരവും അശുദ്ധമാക്കിയതിനാലാണ് ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ചതെന്ന് രാമകൃഷ്ണന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.