എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം: അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോഡിന്റെ നടപടി മരവിപ്പിക്കണമെന്ന് വി.എസ്
എഡിറ്റര്‍
Friday 17th August 2012 5:03pm

തിരുവനന്തപുരം: കൂടംകുളം ആണവനിലയത്തില്‍ ആണവോര്‍ജം നിറയ്ക്കാന്‍ അനുമതി നല്‍കിയ അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോഡിന്റെ നടപടി മരവിപ്പിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Ads By Google

ആണവനിലയത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി തമിഴ്‌നാട് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കാത്ത് നില്‍ക്കാതെ കൂടംകുളത്ത് 144 പ്രഖ്യാപിച്ച് ആണവോര്‍ജം നിറയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ആണവനിലയവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാല്‍ ആര് സമാധാനം പറയുമെന്നും ആര് നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി തന്നെ അടുത്തിടെ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.

അതെല്ലാം അവഗണിച്ചാണ് പദ്ധതി പ്രദേശത്തിന്റെ ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ആണവനിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ തിടുക്കത്തില്‍ നീക്കം നടത്തുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആണവനിലയങ്ങള്‍ സംബന്ധിച്ച സാര്‍വദേശീയ അനുഭവങ്ങള്‍ പരിഗണിക്കാതെയാണ് കൂടംകുളം നിലയത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുംപിടുത്തം തുടരുന്നത്. ഏറ്റവും കൂടുതല്‍ ആണവനിലയങ്ങളുള്ള ജപ്പാനില്‍ ഫുക്കുഷിമ നിലയം തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആണവനിലയങ്ങളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്.

പല വികസിത രാജ്യങ്ങളും ആണവനിലയങ്ങള്‍ പുതുതായി തുടങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും നിലവിലുള്ളവ തന്നെ ക്രമേണ നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ ആണവനിലയവുമായി ഇന്ത്യാ ഗവര്‍ണ്‍മെന്റ് മുന്നോട്ടുപോകുന്നത്.

ഭൂകമ്പ സാധ്യതയുള്ള സുനാമി ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ് കൂടംകുളം എന്ന് വിദഗ്ധന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇവിടെ സ്ഥാപിക്കുന്ന നിലയം തമിഴ്‌നാടിന് മാത്രമല്ല കേരളത്തിനും വന്‍ഭീഷണിയാണ്. കൂടംകുളം പദ്ധതി പ്രദേശത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ആകാശദൂരം 79 കിലോമീറ്റര്‍ മാത്രമാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെയും സുരക്ഷ ഉറപ്പുവരുത്താതെയും ആണവോര്‍ജം നിറയ്ക്കാന്‍ തിടുക്കത്തില്‍ അനുമതി നല്‍കിയ നടപടിക്കെതിരെ കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം- വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

Advertisement