തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇതിനെതിരെ  നേരിട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാമോലിന്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടത്പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് നടത്തുന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ക്ഷേത്രത്തിലെ രാജാവ് സ്വര്‍ണം കടത്തികൊണ്ടുപോവുന്നു എന്നത് തന്റെ ആരോപണമല്ലെന്നും തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ ഉത്തരവാദിത്ത ബോധത്തോടെ ജോലിചെയ്യുകയും, ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന തൊഴിലാളികളെ അച്ചടക്ക ലംഘനത്തിനെന്നും പറഞ്ഞ് പുറത്താക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷേത്രത്തിലെ രാജാവ് അമ്പലത്തിലെത്തി പായസം എന്ന വ്യാജേന സ്വര്‍ണം കടത്തുന്നതായി തനിക്ക് പരാതിലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വി.എസ് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ ഉമ്മന്‍ചാണ്ടി പിന്നെയും അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത് ശരിയല്ല. ജനരോഷത്തെ തടുക്കാന്‍ അദ്ദേഹത്തിനാവില്ല. പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്ന അവസ്ഥയാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.