vs-achuthanandanആലപ്പുഴ: പാര്‍ട്ടിയുടെയും ഭരണത്തിന്റെയും മുഴുവന്‍ പിഴവുകളും സ്റ്റാലിനില്‍ കെട്ടിവെച്ച് അദ്ദേഹത്തിന്റെ പങ്ക് നിരാകരിക്കുകയായിരുന്നു ക്രൂഷ്‌ചേവ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. സ്റ്റാലിന്റെ ജീവിതത്തെപ്പറ്റി സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ നുണപ്രചാരണങ്ങള്‍ക്ക് പിന്നില്‍ ക്രൂഷ്‌ചേവിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തനിക്കെതിരെ അവതരിപ്പിച്ച കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയ നല്‍കിയതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വി.എസിന്റെ പരാമര്‍ശം.

‘സ്റ്റാലിനെ കരിതേച്ചുകാണിച്ച് സോവിയറ്റ് സോഷ്യലിസത്തിന്റെ അടിത്തറ മാന്തുന്നതിന് ക്രൂഷ്‌ചേവാണ് തുടക്കംകുറിച്ചത്. ക്രൂഷ്‌ചേവിന്റെ പിന്തുടര്‍ച്ചക്കാരായിരുന്നു ഗോര്‍ബച്ചേവും യെല്‍സ്റ്റിനുമെല്ലാം. സോവിയറ്റ് ഭരണത്തിലും പാര്‍ട്ടിയിലും ഉണ്ടായ എല്ലാ തെറ്റുകളുടെയും  പാളിച്ചകളുടെയും ഉത്തരവാദിത്തം സ്റ്റാലിനില്‍ ചുമത്തി അമേരിക്കന്‍ സാമ്രാജ്യത്തിനുമുന്നില്‍ നല്ലപിള്ള ചമഞ്ഞയാളാണ് ക്രൂഷ്‌ചേവ്. ഇത് ക്രൂഷ്‌ചേവിന്റെ വഞ്ചനാപരമായ സമീപനമായിരുന്നു.’ വി.എസ് പറഞ്ഞു.

പി.എം ആന്റണിയുടെ സഖാവ് സ്റ്റാലിന്‍ എന്ന നാടകഗ്രന്ഥത്തിന് എഴുതിയ അവതാരികയില്‍ സ്റ്റാലിനെതിരായ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തുവെന്ന പേരില്‍ ക്രൂഷ്‌ചേവിനെ രൂക്ഷമായി വി.എസ് വിമര്‍ശിക്കുന്നുണ്ട്. പുസ്തകം ഇന്നലെ പ്രകാശനം ചെയ്തു വി.എസ് നടത്തിയ പ്രസംഗത്തിലും സ്റ്റാലിനെ പുകഴ്ത്തി. അവതാരികയുടെ പലഭാഗങ്ങളും പ്രസംഗത്തില്‍ ആവര്‍ത്തിച്ചെങ്കിലും ക്രൂഷ്‌ചേവ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ഭാഗം പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.

ക്രൂഷ്‌ചേവിനെ വിമര്‍ശിക്കുന്ന അവതാരികയിലെ പ്രധാനഭാഗം ഇങ്ങനെ: വിപ്ലവ നായകനെന്ന നിലയിലും സോഷ്യലിസ്റ്റ് ഭരണാധികാരി എന്ന നിലയിലുമുള്ള സ്റ്റാലിന്റെ പങ്ക് നിഷേധിച്ചും സോവിയറ്റ് ഭരണത്തിലും പാര്‍ട്ടിയിലുമുണ്ടായ എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം സ്റ്റാലിനില്‍ ചുമത്തിയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുന്നില്‍ നല്ലപിള്ള ചമയുകയായിരുന്നു ക്രൂഷ്‌ചേവ്.

സ്റ്റാലിന്റെ ശരിതെറ്റുകളെ മാര്‍ക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശന- സ്വയംവിമര്‍ശനപരമായി വിലയിരുത്തുന്നതിനു പകരം അങ്ങേയറ്റത്തെ വഞ്ചനാപരമായ സമീപനമാണ് ക്രൂഷ്‌ചേവില്‍ നിന്നുണ്ടായത്. സ്റ്റാലിനെതിരെ ക്രൂഷ്‌ചേവ് മെനഞ്ഞ കുറ്റപത്രത്തിന്റെ ഉള്ളടക്കമാകട്ടെ പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പിക്കുംമുന്‍പു തന്നെ ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള സാമ്രാജ്യത്വ പത്രങ്ങള്‍ക്കു ചോര്‍ത്തി നല്‍കി.

തീച്ചൂളയ്ക്കകത്തുനിന്നാണ് സ്റ്റാലിന്‍ പ്രവര്‍ത്തിച്ചതെന്ന് എഴുതുന്ന വിഎസ്, ചരിത്രമെഴുതുമ്പോഴോ പില്‍ക്കാലത്ത് ‘റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോഴോ എങ്ങനെയും വ്യാഖ്യാനിക്കാമെന്ന മുനവച്ച പ്രയോഗവും നടത്തുന്നു. സ്റ്റാലിന്റെ ചില പാളിച്ചകള്‍ വിഎസ് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അവയെ തള്ളിപ്പറയുന്നുവെന്ന നാട്യത്തില്‍ സോവിയറ്റ് യൂണിയനെയും സോഷ്യലിസത്തെയും തകര്‍ക്കുന്ന വിധത്തില്‍ ഇരിക്കുന്ന കൊമ്പുമുറിക്കുകയാണ് പിന്നീട് ക്രൂഷ്‌ചേവ് മുതലുള്ളവര്‍ ചെയ്തതെന്നും വിഎസ് ചൂണ്ടിക്കാട്ടുന്നു.

സോവിയറ്റ് വിപ്ലവത്തില്‍ പ്രത്യേക പങ്കൊന്നും വഹിക്കാതെയാണ് ക്രൂഷ്‌ചേവ് നേതൃതലത്തില്‍ കടന്നുകൂടിയത്. സ്റ്റാലിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് അദ്ദേഹത്തിന്റെ പ്രതിമകള്‍ സ്ഥാപിക്കാനും വ്യക്തിപൂജ നടത്താനും ശ്രമിച്ചത് ക്രൂഷ്‌ചേവാണ്. സ്റ്റാലിന്റെ മരണശേഷം അദ്ദേഹം സ്വേച്ഛാധിപതിയായിരുന്നെന്നും വ്യക്തിപൂജയില്‍ അഭിരമിച്ചെന്നും ക്രൂഷ്‌ചേവ്  പ്രചരിപ്പിച്ചു. ഇക്കാര്യം ആന്റണിയുടെ നാടകത്തില്‍ വെളിപ്പെടുത്തുന്നുണ്ടെന്നും വി.എസ് പറഞ്ഞു.

സ്റ്റാലിന്റെ സ്മരണപോലും സാമ്രാജ്യത്വ ശക്തികള്‍ക്ക് പേടിസ്വപ്നമാണ്. അതുകൊണ്ടാണ് 20ാം കോണ്‍ഗ്രസിലൂടെ ക്രൂഷ്‌ചേവ് തുടക്കംകുറിച്ച സ്റ്റാലിനെ വ്യക്തിഹത്യ ചെയ്യുന്ന നയം സാര്‍വദേശീയമായി ആഘോഷിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുന്നോട്ടുനയിച്ചതില്‍ സ്റ്റാലിന്‍ വഹിച്ച പങ്ക് ആര്‍ക്കും തള്ളാന്‍ കഴിയില്ല. എന്നാല്‍, ചില പാളിച്ചകളും ഉണ്ടായി. ഭരണത്തിലും പാര്‍ട്ടിക്കകത്തും ആഭ്യന്തരമായി ജനാധിപത്യം നടപ്പാക്കുന്നതിന് പകരം അമിത കേന്ദ്രീകരണമുണ്ടായി. പില്‍ക്കാലത്ത് ഇത്തരം ദുഷ്പ്രവണതകളെ തള്ളിപ്പറയുന്നുവെന്ന നാട്യത്തില്‍ സോവിയറ്റ് യൂനിയനെ തകര്‍ക്കുന്ന വിധത്തില്‍ ഇരുന്നകൊമ്പ് മുറിക്കുകയാണ് ക്രൂഷ്‌ചേവ് മുതലുള്ളവര്‍ ചെയ്തത്് വി.എസ് പറഞ്ഞു.

Malayalam news

Kerala news in English