തിരുവനന്തപുരം: സമരക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മിഷണര്‍ കെ.രാധാകൃഷ്ണപിള്ള ധിക്കാരിയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. രാധാകൃഷ്ണപിള്ളയെ നഗ്നമായി ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അത്യന്തം ഹീനമായ നടപടിയാണ് കോഴിക്കോട്ട് നടന്നത്. കുട്ടികള്‍ക്കു നേരെയാണ് രാധാകൃഷ്ണന്‍ വെടിവച്ചത്. ഒരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു വെടിവയ്പ്. അസിസ്റ്റന്റ് കമ്മിഷനറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണം. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പകരം പൊലീസ് നടപടിയെ സര്‍ക്കാര്‍ ന്യായീകരിക്കുകയാണെന്നും വി.എസ് പറഞ്ഞു.

വിദ്യാര്‍ഥിക്കു പഠിക്കാന്‍ അവകാശം ഉണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. മെറിറ്റില്ലാത്ത വിദ്യാര്‍ത്ഥിയെ പഠിപ്പിക്കണമെന്നുണ്ടെങ്കില്‍ സ്വാശ്രയ കോളേജിലാണ് പഠിപ്പിക്കേണ്ടത്. അല്ലാതെ സര്‍ക്കാര്‍ കോളേജില്‍ ചേര്‍ക്കുകയല്ല ഉമ്മന്‍ചാണ്ടി ചെയ്യേണ്ടിയിരുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.

വിദ്യാര്‍ഥി സമരത്തെ മര്‍ദ്ദിച്ചൊതുക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.