ന്യൂദല്‍ഹി: ഭൂമിദാനക്കേസില്‍ ഹരജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍. സുപ്രീംകോടതിയില്‍ ഹരജി നല്‍കുന്നത് ഗുണകരമാകില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Ads By Google

ഭൂമിദാനക്കേസ് ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് വി.എസിന്റെ ബന്ധു സോമനും, പേഴ്‌സണല്‍ സ്റ്റാഫ് സുരേഷ്‌കുമാറും ഹൈക്കോടിതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹരജി കോടതി തള്ളുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് കേസ് ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് വി.എസ് പ്രത്യേകാനുമതി ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജിയാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്.

ഹരജി പിന്‍വലിച്ച് ഹൈക്കോടതിയില്‍ പുതിയ ഹരജി സമര്‍പ്പിക്കാനാണ് വി.എസിന്റെ തീരുമാനം.

കഴിഞ്ഞദിവസം ഭൂമിദാനക്കേസില്‍ വിജിലന്‍സ് സത്യവാങ്മൂലം തയ്യാറാക്കിയിരുന്നു. കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വി.എസിന്റെ പി.എ കെ.സുരേഷ് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം നല്‍കിയത്.

ഭൂമിദാന നടപടികളില്‍ വ്യാപകമായ ക്രമക്കേടും ഔദ്യോഗിക സ്ഥാനങ്ങളുടെ ദുരുപയോഗവും നടന്നെന്ന് കണ്ടെത്തിയതായി സത്യവാങ്മൂലത്തില്‍ വിജിലന്‍സ് വ്യക്തമാക്കുന്നു. സുരേഷും വി.എസിന്റെ ബന്ധു സോമനും ഉന്നയിക്കുന്ന വാദങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അനുമതിയോടെ അടുത്തയാഴ്ച സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ ശ്രമം.