തിരുവനന്തപുരം:അനാരോഗ്യം മൂലം താന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണെന്ന് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. അത്തരം ഒരു നിലപാട് താന്‍ എടുത്തിട്ടില്ലെന്നും അതൊക്കെ ഒരു പ്രചാരണം മാത്രമാണെന്നുമായിരുന്ന വി.എസിന്റെ പ്രതികരണം.

ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നെയായിരുന്നു തന്റെ തീരുമാനം. ഭരണത്തിന്റെ തുടര്‍ച്ചയായിരുന്നു തന്റെ ലക്ഷ്യം. അഞ്ച് വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ പ്രകടനം ജനങ്ങളില്‍ മതിപ്പും ആത്മവിശ്വാസവുമുളവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. അനാരോഗ്യം മൂലം മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി വി.എസ് അറിയിച്ചതിനെ തുടര്‍ന്നാണ് മത്സരിപ്പിക്കാതിരുന്നതെന്ന് സി.പി.ഐ.എം നേതൃത്വം പ്രചരിപ്പിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ചേര്‍ന്ന സെക്രട്ടറിയേറ്റില്‍ ഇക്കാര്യം വി.എസ് പറഞ്ഞതായും പാര്‍ട്ടി നേതൃത്വം പ്രചരിപ്പിച്ചിരുന്നു.