എഡിറ്റര്‍
എഡിറ്റര്‍
മാധ്യമങ്ങള്‍ക്കെതിരായി കേസുകൊടുത്തത് ശരിയല്ല; നേതൃത്വത്തിനെതിരെ വി.എസ്
എഡിറ്റര്‍
Friday 1st June 2012 10:45am

കോഴിക്കോട്: സി.പി.ഐ.എം നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനപടിക്കൊരുങ്ങിയ പാര്‍ട്ടി നിലപാട് ശരിയല്ലെന്ന് വി.എസ് പറഞ്ഞു. ഭീഷണിപ്പെടുത്തുന്നത് പാര്‍ട്ടിയുടെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സി.പി.ഐ.എമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ മനപൂര്‍വം കളിക്കുകയാണെന്ന് ആരോപിച്ച സി.പി.ഐ.എം നേതൃത്വം കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.

സമരങ്ങള്‍ വിജയിപ്പിക്കുന്നതിനു പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് തങ്ങള്‍ ഒളിവില്‍പോയതെന്നും അദ്ദേഹം വിശദീകരിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി ഒളിവില്‍പ്പോയത് എന്തിനാണെന്ന് മാധ്യമങ്ങള്‍ക്ക് വ്യാഖ്യാനിക്കാമെന്നും വിഎസ് പരോക്ഷമായി പറയുകയും ചെയ്തു.

‘കോണ്‍ഗ്രസുകാരുടെയും ബ്രിട്ടീഷുകാരുടെയും വാറന്റുകള്‍ തോല്‍പിച്ച് ജനങ്ങളുടെയും തൊഴിലാളികളുടെയും കൃഷിക്കാരുടെയുമെല്ലാം സമരങ്ങള്‍ വിജയിപ്പിക്കാന്‍ വേണ്ടി പിടികൊടുക്കാതെ പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാണ് ഞങ്ങളെല്ലാം ഒളിവില്‍ പോയതെന്ന് പലപല കറസ്‌പോണ്ടന്റ്‌സുകളായ നിങ്ങളില്‍ പലര്‍ക്കും അറിയാം. ഇപ്പോള്‍ ചിലര്‍ ഒളിവില്‍ പോകുന്നതെന്തിനാണെന്ന് നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം.  അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയെന്നത് പാര്‍ട്ടിയുടെ നയമല്ല. കൊലപാതകത്തിന് ഉത്തരവാദികളായവരെ കണ്ടുപിടിക്കുന്നതിനുവേണ്ടി നടക്കുന്ന എല്ലാ പരിശ്രമങ്ങളെയും പാര്‍ട്ടി പിന്തുണയ്ക്കുകയും വേണം.’

‘മാധ്യമങ്ങള്‍ക്കെതിരായി കേസ് കൊടുത്തത് ശരിയല്ല. നിങ്ങളതിനെ ഡിഫന്റ് ചെയ്യുമെന്നെനിക്കറിയാം. നെയ്യാറ്റിന്‍കരയില്‍ നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വിജയിക്കും.’-വി.എസ് പറഞ്ഞു

Advertisement