തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തെക്കുറിച്ചുളള അന്വേഷണം അവസാനിപ്പിച്ച നടപടി അസാധാരണമെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.

ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ അന്വേഷണ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത് അസാധാരണമാണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

അന്വേഷണം അട്ടിമറിക്കാന്‍ മുന്‍പ് ഗൂഢാലോചന നടത്തിയവരും പുതിയ താരങ്ങളുമാണ് പുതിയ നടപടിക്കും പിന്നില്‍. ഇവര്‍ ഭരണസ്വാധീനവും പതണവും ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിച്ചിരിക്കുകയാണ്. അതിനാല്‍ നിയമത്തിന്റെ ഏതറ്റം വരെ പോയാലും കുറ്റവാളികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വി.എസ് പറഞ്ഞു.

തെളിവില്ലാത്തതിനാല്‍ കേസ് എഴുതിത്തളളുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് പി കെ കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചുവെന്ന പരാതിയില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്. താമരശേരി ഡി വൈ എസ് പി ജയ്‌സണ്‍ കെ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. ഭരണമാറ്റത്തിന് ശേഷം അന്വേഷണം കാര്യക്ഷമമല്ലെന്നും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.