തൃക്കരിപ്പൂര്‍: വി.എസ് അച്യുതാനന്ദന്റെ കത്ത് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കാസര്‍ഗോട്ടെ തൃക്കരിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വി.എസ്സ് കേന്ദ്രനേതൃത്വത്തിന് അയച്ചു എന്നു പറയുന്ന കത്തിനെ കുറിച്ച് വി.എസ്സിനോട് തന്നെ ചോദിക്കണം. എന്നാല്‍ അദ്ദേഹത്തോട് ആരും ഇത് ചോദിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടി കേന്ദ്രത്തില്‍ അത്തരത്തില്‍ ഒരു കത്ത് ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി കേന്ദ്രത്തിലുള്ള സഖാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണ്. പാര്‍ട്ടിക്കെതിരെ ഇത്തരത്തില്‍ നുണ പ്രചരണം നടത്തുന്നത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. വി.എസ്സിന്റെ പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ പലതും അവര്‍ സൃഷ്ട്ടിച്ചെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എമ്മിനെതിരെ യുഡിഎഫും ചില കപട കമ്മ്യൂണിസ്റ്റുകളും ഗൂഢാലോചന നടത്തുന്നുണ്ടന്നും അതിന്റെ ഭാഗമായുള്ള കുപ്രചാരണങ്ങളാണ് പാര്‍ട്ടിക്കെതിരെ നടക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Malayalam News

English News in Malayalam