എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം വി.എസ് കൂടംകുളത്തേക്ക്
എഡിറ്റര്‍
Sunday 1st April 2012 6:50am

തിരുവനന്തപുരം: സി.പി.ഐ.എം 20-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ കൂടംകുളം സന്ദര്‍ശിക്കും. ഏപ്രില്‍ 12നാണ് കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്നവരെ അച്യുതാനന്ദന്‍ സന്ദര്‍ശിക്കുന്നത്.

കൂടംകുളം ആണവ നിലയത്തിനെതിരായ പ്രദേശവാസികളുടെ സമരം ശരിയാണെന്ന് ബോധ്യമായതിനാലും ഗാന്ധിയന്‍ മാതൃകയില്‍ അവര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ തടയുന്നത് ശരിയല്ലെന്നും മനസ്സിലായതിനാലുമാണ് കൂടംകുളം സന്ദര്‍ശിക്കുന്നതെന്ന് വി.എസ് വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കയുമായുള്ള ആണവ കരാറിനെതിരായ നിലപാടിന്റെ ഭാഗമായാണ് ആണവ നിലയങ്ങള്‍ക്കെതിരായ സമരത്തെയും കാണേണ്ടതെന്നും കൂടംകുളത്തെ സമരം അമേരിക്കയുടെ താത്പര്യത്തിന്റെ ഭാഗമാണെന്ന വാദത്തില്‍ കഴമ്പില്ലെന്നും വി.എസ് പറയുന്നു.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും അണ്ണാ ഹസാരെ സംഘത്തലവനുമായ പ്രശാന്ത് ഭൂഷണ്‍ ഇന്നലെ വി.എസിനെ കൂടംകുളത്തേക്ക് ക്ഷണിക്കാന്‍ കേരളത്തിലെത്തിയിരുന്നു. കൂടംകുളം സമരങ്ങളിലേക്ക് അച്യുതാനന്ദനെ ക്ഷണിക്കുവാനാണു എത്തിയതെന്നും പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സമര സ്ഥലത്ത് എത്തുമെന്ന് അച്യുതാനന്ദന്‍ ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചയ്ക്കു ശേഷം പ്രശാന്ത് ഭൂഷണ്‍ അറിയിച്ചിരുന്നു. ദേശീയ പ്രാധാന്യമുള്ള സമരങ്ങളിലേക്ക് വി.എസ് ഇടപെടുന്നത് അത്യാവശ്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച കൂടംകുളം സമരസമിതി പ്രവര്‍ത്തകരും വി.എസിനെ സന്ദര്‍ശിച്ചിരുന്നു. തമിഴ്‌നാട് സി.പി.ഐ.എം ഇപ്പോള്‍ കൂടംകുളം പ്രക്ഷോഭത്തെ അനുകൂലിക്കുന്നില്ലെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പ്രക്ഷോഭത്തെ പിന്തുണക്കാനാണ് സാധ്യത.

Malayalam News

Kerala News in English

Advertisement