കോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതിയിലുള്ള പാറമട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് വി.എസ് പാറമടയിലെത്തിയത്.

നിയമം ലംഘിച്ച് കരിങ്കല്‍ ഖനനം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് വി.എസ് പറഞ്ഞു. മലയോര സംരക്ഷണ സമിതി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറമടയുടെ പ്രവര്‍ത്തനം പരിശോധിക്കാനായി സ്ഥലത്തേക്ക് പ്രതിനിധി സംഘത്തെ അയക്കണമെന്നും വി.എസ് പറഞ്ഞു.

Ads By Google

നിയമം ലംഘിച്ച് കരിങ്കല്‍ ഖനനം നടത്തുന്നുവെന്ന് ആരോപണം ഉന്നയിച്ച് പാറമടയിലെ കരിങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് പാറമട വി.എസ് സന്ദര്‍ശിക്കുന്നത്.

ഖനനം തടഞ്ഞ് മുന്‍സിഫ് കോടതിയുടെ ഉത്തരവ് നിലവിലുണ്ടെങ്കിലും പാറപൊട്ടിക്കല്‍ നിര്‍ബാധം തുടരുകയാണെന്ന് ജനകീയ സമരത്തിന് നേതൃത്വം നല്‍കുന്ന മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സമരസമിതിയുടെ ക്ഷണപ്രകാരമാണ് വി.എസ് പ്രദേശം സന്ദര്‍ശിച്ചത്. കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ മൂന്നിലവ് പഞ്ചായത്തിലെ പാറമടയും സമീപപ്രദേശങ്ങളുമാണ് വി.എസ് സന്ദര്‍ശിച്ചത്.

മൂന്നിലവ് പഞ്ചായത്തില്‍ നിരവധി പാറമടകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളാണിതെന്നും ഇവിടെ കരിങ്കല്‍ ഖനനം നടത്തുന്നതിനുള്ള അംഗീകാരം റദ്ദാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള പി.വി ഗ്രാനൈറ്റ്‌സാണ് വി.എസ് ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഐ.ജി ടോമിന്‍ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ളത് എന്ന് ആരോപിക്കപ്പെടുന്ന മങ്കൊമ്പ് ഗ്രാനൈറ്റ്‌സ് എന്നിവയും പരിസരങ്ങളും വി.എസ് സന്ദര്‍ശിച്ചു.

വി.എസിനെ സ്വീകരിക്കാനായി ഷോബി ജോര്‍ജും സംഘവും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. വി.എസിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും, അദ്ദേഹം കാര്യങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ഷോണ്‍ ജോര്‍ജ്.