vs-achudanandanവേങ്ങര: പ്രവാചകന്‍ ചമഞ്ഞെത്തുന്ന അഭിനവ ഖുറൈഷിമാരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ‘ധര്‍മ്മത്തെക്കുറിച്ച് പ്രചരിപ്പിച്ച മതമാണ് ഇസ്‌ലാം. മക്കയില്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമയത്താണ് പ്രവാചകന്‍ അതിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ അന്ന് മക്കയിലെ ഖുറൈഷി പ്രമാണികള്‍ പ്രവാചകനെതിരെ തിരിയുകയായിരുന്നു. എന്നാല്‍ ഇന്ന് അഭിനവ ഖുറൈഷിമാര്‍ പ്രവാചക വേഷം കെട്ടിയാടുകയാണ്. ഇവരെ വോട്ടര്‍മാര്‍ തിരിച്ചറിയണം’- വേങ്ങരയിലെ ഇടതുപക്ഷ മുന്നണി പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് വി.എസിന്റെ ഈ പ്രസ്താവനയെ സ്വീകരിച്ചത്. ഇടമലയാര്‍, പാമൊലിന്‍, ഐസ്‌ക്രീം തുടങ്ങി യു.ഡി.എഫ് നേതാക്കന്‍മാര്‍ക്കെതിരെ നിരവധി കേസുകളാണുള്ളത്. ഇതില്‍ ചിലര്‍ ശക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. പാമൊലിന്‍ കേസിലെ പ്രതിയായിരുന്ന കെ.കരുണാകരന്‍ മരിച്ചു പോയി. എന്നാല്‍ കരുണാകരനൊപ്പം അന്നുണ്ടായിരുന്ന പല നേതാക്കളും ഇപ്പോഴും വോട്ട് ചോദിക്കാന്‍ രംഗത്തുണ്ട്. ഈ അഴിമതിക്കാര്‍ക്ക് വോട്ട് നല്‍കണോയെന്ന് ജനം തീരുമാനിക്കണം.

ഇടതുസര്‍ക്കാരിനെതിരെ അഴിമതിയാരോപണം നടത്തുന്ന സോണിയഗാന്ധി കോണ്‍ഗ്രസിന്റെ അഴിമതി കാണുന്നില്ലേ? കേന്ദ്രം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. പാര്‍ലമെന്റിന് മുന്നില്‍ നിരാഹാരമനുഷ്ഠിക്കുന്ന അണ്ണാ ഹസാരെയെ സോണിയാഗാന്ധിക്ക് അറിയില്ലേയെന്ന് വി.എസ് ചോദിച്ചു. സ്‌പെക്ട്രം, ആദര്‍ശ് ഫ് ളാറ്റ് അഴിമതി എന്നിവയെക്കുറിച്ചൊന്നും സോണിയ കേട്ടിട്ടില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

എന്തുകൊണ്ടാണ് ഈ വയസാംകാലത്ത് നിരാഹരസമരത്തിന് അണ്ണാ ഹസാരെ തയാറായതെന്ന് അന്വേഷിക്കണം. പ്രധാനമന്ത്രിയുടെ മൂക്കിന് താഴെയാണ് ഈ നിരാഹാരം.

കേരളത്തില്‍ കര്‍ഷക ആത്മഹത്യയാണെന്നാണ് സോണിയ പറഞ്ഞത്. ഇത് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തായിരുന്നു. എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും എഴുതിക്കൊടുത്ത കാര്യങ്ങളാണ് സോണിയ ഇവിടെ പ്രസംഗിച്ചത് ഇതുപോലെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കേരളത്തെക്കുറിച്ച് അവര്‍ മനസിലാക്കിയിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.