തിരുവനന്തപുരം: കയ്യേറ്റങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസിമതി നടത്തുന്ന മൂന്നാര്‍ സന്ദര്‍ശനത്തോട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അതൃപ്തി. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ നേരത്തെ മുന്‍കൂട്ടിത്തയ്യാറാക്കിയ പദ്ധതിയനസുരിച്ചാണ് ഇന്ന് മന്ത്രിസഭാ ഉപസിമതിയും നാളെ എല്‍ ഡി എഫ സംഘവും മൂന്നാര്‍ സന്ദര്‍ശിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഈ നീക്കത്തോട് സഹകരിക്കേണ്ടെന്നാണ് വി എസിന്റെ തീരുമാനം.

മൂന്നാറില്‍ വ്യാപക കയ്യേറ്റം നടന്നിട്ടും നടപടിയെടുക്കാതെ നോക്കിനിന്ന ജില്ലാ കലക്ടറെ മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നില്ല. ഈ കലക്ടര്‍ ചൂണ്ടിക്കാട്ടുന്ന വഴിയിലൂടെ സഞ്ചരിച്ച് മൂന്നാര്‍ കയ്യേറ്റം അന്വേഷിച്ചത് കൊണ്ട് ഫലമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വ്യാഴാഴ്ച ചേര്‍ന്ന സുപ്രധാനമായ മന്ത്രിസഭാ ഉപസമിതി യോഗത്തില്‍നിന്നും മുഖ്യമന്ത്രി വിട്ട് നിന്നതിലൂടെ നടക്കാനിരിക്കുന്ന നാടകത്തില്‍ വേഷമിടാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കയാണ് മുഖ്യമന്ത്രി. അജന്‍ഡയും സന്ദര്‍ശന തീയതിയും നിശ്ചയിച്ച ശേഷമാണ് മുഖ്യമന്ത്രിയെ വിവരം അറിയിച്ചതെന്നാണ് വിവരം. ഇന്നലെ ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റിലും ഇടതുമുന്നണി യോഗത്തിലും മുഖ്യമന്ത്രിയുടെ വാദത്തിനു പിന്തുണ ലഭിച്ചില്ല.

Subscribe Us:

കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനേക്കാള്‍ കലക്ടറെ സംരക്ഷിക്കുന്ന കാര്യത്തിലാണ് സി പി ഐ എമ്മും സി പി ഐയും ഉത്സാഹം കാണിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ടാറ്റ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് റവന്യു അധികൃതര്‍ കലക്ടറെ അറിയിച്ചിട്ടും നടപടിയുണ്ടായിരുന്നില്ല. ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായപ്പോള്‍ നാമമാത്ര ഒഴിപ്പിക്കലിനാണ് കലക്ടര്‍ നടപടിയെടുത്തത്. വനംവകുപ്പ് ഭൂമി ഏറ്റെടുക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചപ്പോള്‍ കലക്ടര്‍ വിയോജിപ്പുമായി രംഗത്തെത്തുകയായിരുന്നു.

ടാറ്റക്കെതിരെ പ്രസ്താവന നടത്തി മുഖം രക്ഷിക്കാനാണ് ഇരു കക്ഷികളുടെയും നീക്കമെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ട്. ആവശ്യമെങ്കില്‍ ടാറ്റകെട്ടിയ ഡാം പൊളിക്കാനും ഇന്നലെ സി പി ഐ എം സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരുന്നു. ഡാം പൊളിക്കുന്നത് വന്‍ മാധ്യമശ്രദ്ധ നേടുന്നതോടെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുന്നുവെന്ന തോന്നലുണ്ടാക്കി പ്രശ്‌നം തല്‍ക്കാലം ഒതുക്കാനാണ് ഇരു മുന്നണികളുടെയും നീക്കമെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രിയുടെ നീക്കം.