Administrator
Administrator
വി.എസ് മന്ത്രിസഭ രാജിവെച്ചു
Administrator
Saturday 14th May 2011 12:53pm

vs-achuthanandanതിരുവനന്തപുരം: വി.എസ് മന്ത്രിസഭ രാജിക്കത്ത് സമര്‍പ്പിച്ചു. ഗവര്‍ണ്ണര്‍ ആര്‍.എസ് ഗവായ്ക്ക് ഇന്ന് ഉച്ചക്ക് 12.20ഓടെയാണ് രാജി സമര്‍പ്പിച്ചത്. രാജി സ്വീകരിച്ച ഗവര്‍ണ്ണര്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ  കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അഭ്യര്‍ഥിച്ചു.

അതേസമയം വി.എസ് അച്ച്യുതാനന്ദനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കാന്‍ സി.പി.ഐ.എമ്മില്‍ ധാരണയായതായാണ് സൂചന. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സംഭവബഹുലമായ ഭരണത്തിന് ശേഷണാണ് മുഖ്യമന്ത്രി വി.എസും സഹമന്ത്രിമാരും സ്ഥാനമൊഴിയുന്നത്.

പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് നടത്തിയ പോരാട്ടങ്ങളുടെ തുടര്‍ച്ചയായാണ് 2006ല്‍ അദ്ദേഹം മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത്. 2006ല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യം തീരുമാനിച്ചത് വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്ക് ദുരിതാശ്വാസം നല്‍കാനായിരുന്നു. തുടര്‍ന്നിങ്ങോട്ട് വി.എസ് അച്ച്യുതാനന്ദന്‍ നടത്തിയ പോരാട്ടങ്ങള്‍ സര്‍ക്കാറിനെയും പാര്‍ട്ടിയെയും പിടിച്ചുലച്ചു.

സമരവും ഭരണവും ഒരുമിച്ച് കൊണ്ട് പോകുന്ന ശൈലിയായിരുന്നു അദ്ദേഹം തുടര്‍ന്നത്. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ മന്ത്രിമാരുടെ പല തീരുമാനങ്ങളും അദ്ദേഹം ഇടപെട്ട് തടഞ്ഞു. പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് എതിര് നിന്നു. സര്‍ക്കാറിനെ പരാജയപ്പെടുത്തുന്നതിന് വി.എസിന്റെ പ്രവര്‍ത്തനം കാരണമാകുന്നുവെന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും ആരോപണങ്ങളുയര്‍ന്നെങ്കിലും സര്‍ക്കാറിന്റെ അവസാന കാലത്ത് അദ്ദേഹം വിജയ ശില്‍പ്പിയായി മാറുകയായിരുന്നു.

കേരള ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത തരത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലാതെയാണ് വി.എസ് ഗവണ്‍മെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജനകീയ നായക പരിവേഷത്തിലേക്ക് ഉയര്‍ന്ന വി.എസിന്റെ തോളിലേറി ജയിക്കാമായിരുന്ന അവസരം ചുണ്ടിനും കപ്പിനുമിടയിലാണ് ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത്.

Advertisement