vs-achuthanandanതിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തനിക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനത്തിന് മറുപടി പറയാന്‍ അനുവദിക്കണമെന്ന വി.എസ് അച്ച്യുതാനന്ദന്റെ ആവശ്യം പി.ബി പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ പി.ബിക്ക് കൈമാറിയിട്ടുണ്ട്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് വി.എസ് പി.ബിക്ക് പരാതി നല്‍കിയത്. റിപ്പോര്‍ട്ടിലെ ഏകപക്ഷീയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അണികളിലും പ്രവര്‍ത്തകരിലും തന്നെക്കുറിച്ച് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും അതിനാല്‍ തനിക്ക് വിശദീകരണത്തിന് അവസരം നല്‍കണമെന്നും പരാതിയില്‍ വി.എസ്. ആവശ്യപ്പെടുന്നു.

Subscribe Us:

പ്രതിനിധികള്‍ ഒറ്റക്കെട്ടായി തനിക്കെതിരെ ആക്രമണം നടത്തുകയാണെന്നും ഇതില്‍ തനിക്ക് വിശദീകരണത്തിന് അവസരം നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2006ലെയും 2011ലെയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന റിവ്യൂവില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കിയതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാദളിനെ പിണക്കിയതും പി.ഡി.പിയെ ഒപ്പം കൂട്ടിയതുമാണ് തിരിച്ചടിക്ക് കാരണമാക്കിയതെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തിയതാണ്. ലാവലിന്‍ വിഷയത്തില്‍ അഴിമതിക്കെതിരെയാണ് താന്‍ എപ്പോഴും നിലപാടെടുത്തിട്ടുള്ളതെന്നും തനിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ രാജിക്ക് സന്നദ്ധനായിട്ടുണ്ടെന്നും വി.എസ് പി.ബിയെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ കോട്ടയം സമ്മേളനത്തില്‍ പി.ബി അംഗം എന്ന നിലയില്‍ വി.എസിന് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗം മാത്രമായ വി.എസിന് സംസാരിക്കാനാവില്ല. ഇതെ തുടര്‍ന്നാണ് തനിക്ക് അവസരം നല്‍കണമെന്ന് വി.എസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വി.എസ് പി.ബിക്ക് നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങിനെ: സംസ്ഥാനസമ്മേളന റിപ്പോര്‍ട്ട് വായിച്ചാല്‍ കേരളത്തിലെ സി.പി.ഐ.എമ്മിന്റെ പ്രധാന എതിരാളി ഞാനാണെന്നു തോന്നും. യു.ഡി.എഫോ ബി.ജെ.പി.യോ ഒന്നും സി.പി.ഐ.എമ്മിന്റെ ശത്രുസ്ഥാനത്തുള്ളതായി റിപ്പോര്‍ട്ട് വായിച്ചാല്‍ തോന്നില്ല. മുന്‍കാലത്തെ തിരഞ്ഞെടുപ്പുകളും അവ സംബന്ധിച്ച് സി.പി.ഐ.എം. കേന്ദ്രനേതൃത്വം നടത്തിയ അവലോകനങ്ങളും പരിശോധിച്ചാല്‍ റിപ്പോര്‍ട്ടിലെ പല വിലയിരുത്തലുകളും വാസ്തവ വിരുദ്ധമാണെന്ന് മനസ്സിലാകും.

2006ലെയും 2011ലെയും നിയമസഭാതിരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രനേതൃത്വം അംഗീകരിച്ചിരുന്നു. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് ഉത്തരവാദി. സി.പി.ഐ. യുടെയും ജനതാദളിന്റെയും സീറ്റുകള്‍ കൈയേറി മുന്നണിയെ ശിഥിലമാക്കിയതാണ് ആ പരാജയത്തിന് കാരണം. 2010ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാണ് – വി.എസ് വ്യക്തമാക്കുന്നു.

Malayalam news

Kerala news in English