Categories

വി.എസിനെ തിരിച്ചെടുക്കുന്നത് പാര്‍ട്ടി അജണ്ടയിലില്ല

ന്യൂദല്‍ഹി: മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായി വി എസ് അച്യുതാനന്ദനെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം സി.പി.ഐ.എമ്മിന്റെ അജണ്ടയിലില്ല. ഇതു സംബന്ധിച്ച് ഒരു വിധത്തിലുള്ള ചര്‍ച്ചയോ പരാമര്‍ശമോ ചൊവ്വാഴ്ച ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഉണ്ടായിട്ടുമില്ല.

അടുത്ത മാസം മൂന്ന് ദിവസങ്ങളിലായി ചേരാനുദ്ദേശിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജണ്ടയില്‍ വി.എസ് പ്രശ്‌നം വരികയുമില്ലെന്ന വ്യക്തമായ സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്. ഹൈദരാബാദില്‍ ചേര്‍ന്ന വിപുലീകൃത കേന്ദ്ര കമ്മിറ്റി യോഗത്തിന് മുമ്പ് നടത്തിയത് പോലുള്ള പ്രചാരണമാണ് ഇപ്പോഴും വി.എസിന്റെ പി.ബി പുനപ്രവേശനം സംബന്ധിച്ച് നടക്കുന്നത്.

ഹൈദരാബാദ് കമ്മിറ്റിക്ക് മുമ്പ് ചേര്‍ന്ന പി ബിയോഗം വി.എസിന്റെ കാര്യത്തില്‍ ഏകദേശ ധാരണയിലാണ് പിരിഞ്ഞതെന്ന് വന്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയില്‍ അങ്ങിനെ ഒരു പ്രശ്‌നമേ വന്നില്ല. സ്വന്തം പക്ഷക്കാരെ ഉപയോഗിച്ച് വി.എസ് തന്നെ ഇത്തരം പ്രചാരണം നടത്തിയെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ആരോപണം. ഇത് പരസ്യമായി പുറത്തേക്ക് വരുന്നില്ലെങ്കിലും വി.എസ് പക്ഷത്തെ ചില പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ച് പാര്‍ട്ടി തലത്തില്‍ അനൗപചാരിക അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. കെ.എം ഷാജഹാന്‍ വി.എസില്‍ നിന്ന് അകന്ന ശേഷം വി.എസിന് വേണ്ടി മാധ്യമപ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തുന്ന ചില നേതാക്കളാണ് അന്വേഷണ പരിധിയിലുള്ളത്.

അതേസമയം ഇന്നലത്തെ പി.ബി യോഗത്തിന് ശേഷം വി.എസിന്റെ പുനപ്രവേശം ചര്‍ച്ചയായെന്ന മട്ടില്‍ വാര്‍ത്ത പ്രചരിപ്പിച്ചത് ഔദ്യോഗിക പക്ഷമാണെന്ന് വരുത്താന്‍ വി.എസ് പക്ഷം ശ്രമം തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഈ തുറുപ്പ് ചീട്ട് കാട്ടി വി.എസ് അനുകൂലികളെ കയ്യിലെടുക്കാനാണത്രെ ശ്രമം.

2009 ജൂണില്‍ വി.എസ് അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് പി.ബിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുമ്പോള്‍ അദ്ദേഹത്തിന് ചല മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മന്ത്രിസഭാ തലവനെന്ന നിലയില്‍ മന്ത്രിമാരുടെ ടീമിനെ നന്നായി നയിക്കുക, ക്യാബിനറ്റ് ബ്രീഫിങ്ങില്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും എതിരാകുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുക, സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് കീഴപ്പെട്ട് പ്രവര്‍ത്തിക്കുക എന്നിവയായിരുന്നു മാര്‍ഗ നിര്‍ദേശങ്ങളുടെ കാതല്‍.

എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്നതൊഴിച്ചാല്‍ പി.ബിയില്‍ നിന്ന് പുറത്തായ ശേഷവും വി.എസ് ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടില്ല. കെ.എന്‍ ബാലഗോപാല്‍ രാജ്യസഭാംഗമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി നാരായണനെ നിയമിച്ചപ്പോള്‍ വി.എസിന്റെ പ്രതിഷേധം ശക്തമായി തന്നെ പുറത്ത് വരികയും ചെയ്തു.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നാരായണന്റെ നിയമനത്തെ എതിര്‍ക്കാതിരുന്ന വി.എസ് പിന്നീട് വിമര്‍ശനവുമായി രംഗത്ത് വരികയായിരുന്നു. നാരായണനെ തനിക്ക് വേണ്ടെന്ന് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതുകയും ക്യാബിനറ്റ് ബ്രീഫിങ്ങില്‍ ചോദ്യത്തിന് ഉത്തരമായി തന്റെ എതിര്‍പ്പ് തുറന്നടിക്കുകയും ചെയ്തു.

ഇത് കേന്ദ്ര കമ്മിറ്റി മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കടുത്ത അച്ചടക്ക നടപടിക്ക് ഔദ്യോഗിക പക്ഷം കരുക്കള്‍ നീക്കുമ്പോഴാണ് വി.എസ് മെരുങ്ങിയത്. തുടര്‍ന്ന് നാരായണന്റെ നിയമനം അംഗീകരിക്കുകയും ചെയ്തു.

ഈ വിധത്തില്‍ ഇടഞ്ഞ് തന്നെ നില്‍ക്കുന്ന വി.എസിനെ തിരക്കിട്ട് പി.ബിയില്‍ തിരിച്ചെടുക്കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിന്തിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ആലോചന. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള തുടങ്ങിയ നേതാക്കളും കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷണന്‍ എന്നിവരും ഇതേ നിലപാടില്‍ തന്നെയാണുള്ളത്.

അതേസമയം മുതിര്‍ന്ന നേതാവായ വി.എസിനെ ഇവരെല്ലാം ചേര്‍ന്ന് പി.ബിക്ക് പുറത്ത് നിര്‍ത്തിയിരിക്കയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്ന തന്ത്രമാണ് വി.എസ് അനുകൂലികള്‍ പയറ്റുന്നത്. ചൊവ്വാഴ്ചത്തെ പി.ബി യോഗത്തിന് ശേഷവും സംഭവിച്ച് അതു തന്നെ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.