തിരുവനന്തപുരം: തിരുവിതാം കൂര്‍ രാജകുടുംബത്തിനും മാര്‍ത്താണ്ഡ വര്‍മ്മക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. മാര്‍ത്താണ്ഡ വര്‍മ്മ കേരളത്തിലെ ഒരു സാധാരണ പൗരന്‍ മാത്രമാണെന്നും ഇക്കാര്യം ഇത് വരെ അറിയാത്ത രാജഭക്തന്‍മാരുടെ നാടാണ് നമ്മുടേതെന്നും വി.എസ് പറഞ്ഞു.

പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം അപഹരിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത് ഭഗവാനുമായി ഏറ്റവും അടുത്തിടപഴകുന്ന ശ്രീകാര്യക്കാരാണ(ശാന്തി) ഇക്കാര്യം കണ്ടെത്തിയപ്പോഴാണ് ക്ഷേത്രത്തിലെ ചില കാര്യക്കാരെ പിരിച്ചുവിട്ടത്. സ്വര്‍ണം കടത്തുന്നത് ചൂണ്ടിക്കാട്ടിയതിന് മാതൃ രാജ്യത്തിന് വേണ്ടി ശത്രു സൈന്യത്തെ തുരത്തി കേന്ദ്രത്തിന്റെ പ്രശസ്തി പത്രം വാങ്ങിച്ച മറ്റൊരു മുന്‍ സൈനിക ഉദ്യോഗസ്ഥനെയും ഇതുപോലെ പിരിച്ചുവിട്ടു.

ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം അപഹരിക്കപ്പെട്ടിട്ടുണ്ടെന്ന് സുപ്രീം കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ഇക്കാര്യത്തില്‍ തന്റെ മുന്‍ പ്രസ്താവനകള്‍ ശരിവെക്കുന്ന നടപടികളാണ്. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കുന്നത് തടയുക തന്നെ വേണം. വി. എസ് പറഞ്ഞു.

നാല്‍പ്പത് വര്‍ഷം മുമ്പേ കര്‍ഷക തൊഴിലാളികള്‍ക്കും, കൃഷിക്കാര്‍ക്കും, ഭുരഹിതര്‍ക്കും വേണ്ടി രാജകുടുംബത്തിനെതിരെ സമരം നടത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് തന്റേത്. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ മിച്ചഭൂമിയില്ലെന്ന് പറഞ്ഞപ്പോള്‍ മുടവന്‍ മുകള്‍ കൊട്ടാരമടക്കം പന്ത്രണ്ട് സ്ഥലങ്ങള്‍ കാണിച്ച് കൊടുത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അന്ന് വേമ്പനാട്ട് കായല്‍ തീരത്ത് മുരുക്കന്റെ സ്ഥലം കാണിച്ച് കൊടുത്തത് താനാണെന്നും വി.എസ് പറഞ്ഞു.

ക്ഷേത്ര സ്വത്തിന്റെ കാര്യത്തില്‍ ദേവപ്രശ്‌നം വെച്ച് മഹാരാജാവ് പറഞ്ഞുപഠിപ്പിച്ച കാര്യങ്ങള്‍ ജ്യോത്സ്യന്‍മാര്‍ പറയുന്നതല്ല ശരി, പരമോന്നത നീതിപീഠമായ സുപ്രീംകോടതി പറയുന്നതാണ് ശരിയെന്ന് പറഞ്ഞ വി.എസ് സിപിഎമ്മിലും രാജഭക്തരുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടായേക്കാം എന്ന് മറുപടി നല്‍കി.

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. കോക്കകോള കമ്പനിയുടെ പോസ്റ്റുമാനെപ്പോലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വിവിധ മന്ത്രാലയങ്ങള്‍ക്കും ബില്ലിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും വി.എസ്.വി.എസ്.കൂട്ടിച്ചേര്‍ത്തു.

പെണ്‍വാണിഭക്കാരെയും അഴിമതിക്കാരെയും വിമര്‍ശിക്കുന്നത് കൈയടി നേടാനാണെന്ന് പറയുന്നവര്‍ ആര്‍ക്കു വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാമെന്ന് പറഞ്ഞ വി.എസ്. ഇത്തരക്കാര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തില്‍ കഴിയുന്നവരാണെന്നും പറഞ്ഞു. ഇരട്ട ആനുകൂല്യം പറ്റുന്നുവെന്ന ആക്ഷേപം പ്രതിപക്ഷ നേതാവിനു ബാധകമാകുന്നുവെന്ന് പറയുന്നവര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരിക്കുകയാണെന്നും വി.എസ്. വ്യക്തമാക്കി.