vs-achuthanandanതിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസ പ്രചാരണവും നാടുവാഴിത്ത പ്രീണനവുമാണ് നടക്കുന്നതെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് കാലത്തിന് ചേര്‍ന്നതല്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍.

സുപ്രീംകോടതി വിധിക്കനുസരിച്ചുള്ള നടപടികള്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യത്തിനെതിരാണെന്ന് കണ്ടാല്‍ പ്രശ്‌നക്കാരെ കൊണ്ടുവന്ന് നിലവറ തുറക്കുന്നവന്റെ വംശം മുടിഞ്ഞുപോകുമെന്ന് പറയിക്കുന്ന ഗൂഢാലോചനവരെ നടക്കുന്ന നാടാണിത്. കോടതികളെവരെ ഭയപ്പെടുത്താന്‍ ജോത്സ്യന്മാര്‍ക്ക് കഴിയും. അഡ്വ.ആര്‍.പത്മകുമാര്‍ രചിച്ച ‘നിയമം, സമൂഹം, സദാചാരം’ പുസ്തകം പ്രകാശനം ചെയ്യവെയാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

അന്ധവിശ്വാസവും ഭയവുമെല്ലാം മുതലെടുത്ത് പൂഴിക്കടകന്‍ അടവുകള്‍ പ്രയോഗിക്കുയാണിവര്‍. ഇവര്‍ക്ക് താല്‍ക്കാലിക ജയമേ ഉണ്ടാകൂ. അമ്പലത്തില്‍ സ്വര്‍ണം കൊടുത്തോ സ്വര്‍ണപ്രശ്‌നമോ താമ്പൂല പ്രശ്‌നമോ ദേവപ്രശ്‌നമോ നടത്തിയോ നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ എപ്പോഴും ജയിക്കില്ല. കര്‍ണാടകയിലെ യെദ്യൂരപ്പയുടെ അവസ്ഥ അതാണ് തെളിയിക്കുന്നത്.

നീതിക്കുവേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ മരണംവരെ നീളുന്ന അഖണ്ഡ യജ്ഞമായി മാറുന്നു. പണവും ക്ഷമയും പ്രത്യാശയമുള്ളവര്‍ക്കേ കേസുമായി മുന്നോട്ടു പോകാന്‍ കഴിയൂവെന്ന സ്ഥിതിയാണ്. വിതുര പെണ്‍വാണിഭകേസ് 16 വര്‍ഷമായി തുടരുന്നതും പാമോയില്‍ കേസിന് 19 വര്‍ഷമായതും ഇതിന് തെളിവാണ്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ ബഹുമതി നല്‍കുന്ന സാഹചര്യമാണുള്ളത്. സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് ശിക്ഷിക്കപ്പെട്ട തടവുകാരനെ വി.വി.ഐ.പിയായി പരിഗണിച്ച് നക്ഷത്ര ആശുപത്രിയിലെ ആഡംബര മുറിയില്‍ താമസിപ്പിച്ചിരിക്കുകയാണ്. നിയമവാഴ്ചയെ സര്‍ക്കാര്‍ തന്നെ നഗ്‌നമായി പിച്ചിച്ചീന്തുന്നു.

വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍പോലും സമ്മര്‍ദത്തിന് വഴങ്ങി അന്വേഷണം അട്ടിമറിക്കുന്നത് തീക്കൊള്ളികൊണ്ട് തല ചൊറിയലാണ്. ഉമ്മന്‍ചാണ്ടി അതാണ് ചെയ്യുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ്പിള്ള അധ്യക്ഷനായിരുന്നു. പുസ്തകത്തിന്റെ ആദ്യപ്രതി ഡോ.എന്‍.എ. കരീം ഏറ്റുവാങ്ങി. ജെ. രഘു, വി.എം. ശ്രീകുമാര്‍, ആര്‍. പാര്‍വതീദേവി, അഡ്വ. പി. റഹീം, കെ. തുളസീധരന്‍ സംസാരിച്ചു.