vs-achuthanandan തിരുവനന്തപുരം: സദാചാരവും വിഭാഗീയതയും രണ്ടും രണ്ടാണെന്നും അതു തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സദാചാരപ്രശ്‌നങ്ങളെ പാര്‍ട്ടി ഗൗരവമായി കാണുന്നുവെന്നതിന്റെ തെളിവാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഈ നടപടിയെ വിഭാഗീയതയായി കാണരുത്. ഗോപി കോട്ടമുറിക്കലിനെ പുറത്താക്കിയ പാര്‍ട്ടി നടപടി വിഭാഗീയതയാണെന്ന് പറയുന്നവര്‍ തെറ്റിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ തനിക്ക് വേണ്ടി പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തത് ശരിയല്ലെന്ന തന്റെ പ്രസ്താവന ഒരു തരത്തിലുള്ള ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടില്ലെന്നും വി.എസ് പറഞ്ഞു.

തിരുവനന്തപുരത്ത് ഇന്ത്യാവിഷന്‍ സ്ട്രീറ്റ് ലൈറ്റ് പരിപാടിയുടെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനത്തിനെത്തിയ വി.എസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കാഞ്ഞങ്ങാട്ട് വി.എസ് നടത്തിയ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു. അച്ചടക്ക ലംഘനം നടത്തിയാല്‍ അതിനെ പാര്‍ട്ടി ഗൗരവമായി കാണുമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.