vs-achuthanandan

തിരുവനന്തപുരം: 268 പേരുടെ ഇ-മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ രംഗത്ത്. ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്തകള്‍ അട്ടിമറിക്കപ്പെട്ടത്  മാധ്യമങ്ങളുടെ പതിവ് രാഷ്ട്രീയ താല്‍പര്യങ്ങളോട് കൂടിയുള്ള ഇടപെടലുകളെ തുടര്‍ന്നാണെന്ന് വി.എസ് പറഞ്ഞു.

ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, 268 പേരെ തീവ്രവാദികളാക്കി മുദ്ര കുത്തുക എന്ന കൊടിയ കുറ്റം തന്നെ ഭരണാധികാരികളില്‍ നിന്നുണ്ടായി. പൗരാവകാശത്തിനുമേല്‍ രണ്ടു തരത്തിലുള്ള കടന്നു കയറ്റങ്ങളാണുണ്ടായത്. മാനസികമായി ഒറ്റപ്പെടുത്തുക, മനുഷ്യാവകാശമായ സ്വകാര്യത തകര്‍ക്കുന്ന ആക്രമണം നടത്തുക എന്നിവയാണത്.

എന്നാല്‍ ഈ ഭരണകൂട ഭീകരതയെ ശക്തമായി തുറന്ന് കാണിക്കാനും അപലപിക്കാനും വേണ്ടത്ര ശ്രമങ്ങളുണ്ടായില്ല. പല മാധ്യമങ്ങളും പതിവ് രാഷ്ട്രീയ താല്‍പര്യത്തോടെ ഇതിനെ സമീപിച്ചു. ഒരു വലിയ കുറ്റം ചെയ്തിട്ടും അതിനെ ലാഘവത്തോടെ കാണാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് സാധിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ദിനപത്രം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

‘ ഏറ്റവും വലിയ മാധ്യമ ചക്രവര്‍ത്തിയായ റൂപര്‍ട്ട് മര്‍ഡോക് വരെ ടെലിഫോണ്‍ ചോര്‍ത്തല്‍ കേസില്‍ പ്രതിയാക്കപ്പെടുമെന്നോ പരസ്യമായി തല്ല് കൊള്ളുമെന്നോ ഒരിക്കല്‍ പോലും അയാള്‍ കരുതിയിട്ടുണ്ടാവില്ല. എന്നാല്‍ അത് സംഭവിക്കുകയും അത് കാണുകയും ചെയ്ത കാലമാണിത്. പൗരന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കിയാല്‍, സ്വകാര്യതയെ ആക്രമിച്ചാല്‍ തല്ലുകിട്ടണം. തല്ലു മാത്രമല്ല, കോടതി കയറേണ്ടിവരികയും വരാം. തടവ് ശിക്ഷയും പിഴയുമുണ്ടാകും. അത്തരമൊരു ലോക സാഹചര്യത്തിലാണ് കേരളത്തില്‍ 268 പേരുടെ ഇമെയില്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.

268 പേരേ സിമി എന്ന് മുദ്രകുത്തിയതും അതിനായി നിയമലംഘനം നടത്തിയതും പ്രശ്‌നമല്ല. അത് സംബന്ധിച്ച് പത്രത്തിന് വിവരം നല്‍കിയെന്ന് ഒരാളില്‍ കുറ്റം ആരോപിക്കുകയും അതാണ് ഏറ്റവും വലിയ കുറ്റമെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സര്‍ക്കാര്‍. ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം വിസ്മരിക്കപ്പെടുകയായിരുന്നു.

2008ലെ ആ.ടി ആക്ട് ഭേദഗതിക്ക് അടിയന്തിരാവസ്ഥയുടെ സ്വഭാവമാണ്. അതുകൊണ്ട് ഈ നിയമം പൊളിച്ചെഴുതാന്‍ ശക്തമായ സമ്മര്‍ദം വേണം. ഈ നിയമത്തെ മറികടക്കുന്ന രീതിയിലാണ് 268 പേരുടെ മെയില്‍ സര്‍ക്കാര്‍ ചോര്‍ത്തിയത്. വ്യക്തികളുടെ മാനസികവും ശാരീരികവുമായ സ്വകാര്യതയെ ഭരണകൂടം ഭയപ്പെടുകയാണ്. അതുകൊണ്ടാണ് ചാപ്പകുത്തല്‍ പോലെ ആധാര്‍ പദ്ധതി നടപ്പാക്കുന്നത്.

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗിക്കപ്പെടുമെന്ന് അഭ്യന്തര വകുപ്പ് തന്നെ പറയുന്നുണ്ട്. ഈ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ചിദംബരം നടപ്പാക്കാന്‍ പോകുന്ന ദേശീയ ഭീകരവിരുദ്ധ കേന്ദ്രം(നാഷണല്‍ കൗണ്ടര്‍ ടെററിസം)ത്തിനോട് മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണം. പൗരസ്വാതന്ത്ര്യ നിഷേധത്തിനും അമിതാധികാര പ്രവണതയ്ക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Malayalam news

Kerala news in English