തിരുവനന്തപുരം: ഇടമലയാര്‍ കേസിലെ സുപ്രീംകോടതി വിധി പൊതുമുതല്‍ കൊള്ളയടിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ ഒരുവര്‍ഷത്തേക്കു ശിക്ഷിച്ച വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഒരു മുന്‍മന്ത്രി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. പ്രതികള്‍ക്ക് ശിക്ഷനല്‍കാനാണ് രണ്ട് ദശാബ്ദത്തോളം ഞാന്‍ പോരാടി. ഇതിന് വ്യക്തിപരമായി ഏറെ ആരോപണങ്ങളും ആക്ഷേപങ്ങളും കേള്‍ക്കേണ്ടിവന്നു. അത്തരം ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് ഈ വിധി- വി.എസ് പറഞ്ഞു.

പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കും അധികാരദുര്‍വിനിയോഗം നടത്തുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് വിധി. അത്തരക്കാരെ വെറുതേ വിടില്ല. തനിക്കുവേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ചത് സീനിയര്‍ അഭിഭാഷകനായ ശാന്തിഭൂഷണാണെന്നും സഹായിക്കാനായി അഡ്വ.മാലിനി പൊതുവാളുണ്ടായിരുന്നുവെന്നും വി.എസ് പറഞ്ഞു.