തിരുവനന്തപുരം: മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്ന് മുന്‍കൂര്‍ നികുതി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. പാലക്കാട് ജില്ലാ ഭരണകൂടത്തിനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. മുന്‍കൂര്‍ നികുതി സ്വീകരിക്കരിക്കുന്നത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് സഹായകരമാകുമായിരുന്നു.

അതിനിടെ ഇന്നും ഒക്ടോബര്‍ മാസത്തെ മുന്‍കൂര്‍ നികുതി അടയ്ക്കാന്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനായില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റ മിനുട്‌സ് ലഭിക്കാത്തതിനാല്‍ അസി. സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ നികുതി സ്വീകരിക്കാതിരിക്കുകയായിരുന്നു.

Subscribe Us:

ഒക്ടോബര്‍ മാസത്തിലെ നികുതി സ്വീകരിക്കരുതെന്നും നവംബര്‍ മാസത്തിലെ നികുതി സ്വീകരിക്കണമെങ്കില്‍ ഓര്‍ഡിനന്‍സിലെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് തയ്യാറാവുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഉന്നത യോഗത്തില്‍ മേഘയില്‍ നിന്ന് മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഒരു ദിവസം കഴിഞ്ഞിട്ടും തീരുമാനം അംഗീകരിച്ച് മിനുട്‌സില്‍ ഒപ്പ് വെയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഉന്നതതല യോഗത്തിന്റെ മിനുട്‌സ് മുഖ്യമന്ത്രി പരിശോധിക്കുന്നുണ്ട്. ധനമന്ത്രി തോമസ് ഐസകിന്റെ കീഴിലാണ് ലോട്ടറി വകുപ്പ്.

വകുപ്പില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് തോമസ് ഐസകിനു അമര്‍ഷമുണ്ടാക്കുന്നുണ്ട്. അതേ സമയം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തോട് കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.