Categories

പി. ശശിയുടെ കത്ത്: വി.എസിനെതിരെ കേസ്

തിരുവനന്തപുരം: പി. ശശിയുടെ കത്തിലെ ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി. കല്ലുവാതുക്കല്‍ മദ്യദുരന്തകേസില്‍ ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ വി.എസ് ശ്രമിച്ചുവെന്നാരോപിച്ച് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കലിനു വേണ്ടി 28ാം തീയതിയിലേയ്ക്ക് മാറ്റി.

സി.പി.ഐ.എം മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ശശിയുടെ രണ്ട് കത്തില്‍ വി.എസ്സിനെതിരെ ഉന്നയിച്ച ആരോപണമാണ് പരാതിയില്‍ തെളിവായി കാണിച്ചിരിക്കുന്നത്.
സ്ത്രീ വിഷയത്തിലെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി ശശിക്കെതിരെ അന്വേഷണ കമ്മീഷനെ നിയമിച്ചുവെന്ന വി.എസിന്റെ സ്ഥിരീകരണമാണ് ശശിയെ പ്രകോപിപ്പിച്ചത്.

തെളിവു നശിപ്പിക്കല്‍, പൊതുപ്രവര്‍ത്തകരുടെ പെരുമാറ്റച്ചട്ടം ലംഘിക്കല്‍, ജുഡീഷ്യറിയെ സ്വാധീനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. അഡ്വ ഷാഹുല്‍ ഹമീദാണ് പരാതിക്കാരന്‍. അഡ്വ. മൈക്കിള്‍ കുട്ടി മാത്യു മുഖേനയാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ജസ്റ്റിസ് മോഹന്‍ കുമാര്‍, മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി പത്രങ്ങളുടെ ന്യൂസ് എഡിറ്റര്‍ എന്നിവരെ കേസില്‍ സാക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തത്.

ഇപ്പോള്‍ മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുന്ന അഡ്വ.മൈക്കിള്‍ കുട്ടി മാത്യു നേരത്തെ ബി.ജെ.പിയിലും പിന്നീട് പി.ഡി.പിയിലുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.