vs-achuthanandanകൊച്ചി: പാമൊലിന്‍ കേസില്‍ ജിജി തോംസന്റെ ഹരജിയില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ അപേക്ഷ നല്‍കി. പാമോലിന്‍ കേസിലെ അഞ്ചാം പ്രതിയാണ് ജിജി തോംസണ്‍. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി തനിക്ക് അര്‍ഹമായ ഉദ്യോഗക്കയറ്റം തടയുമെന്ന് ചൂണ്ടിക്കാട്ടിയാണ് തോംസണ്‍ ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച കോടതി തുടരന്വേഷണ ഉത്തരവ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.

കേസ് വീണ്ടും ഇന്ന് പരിഗണിക്കാനിരിക്കെയാണ് വി.എസ് കക്ഷി ചേര്‍ന്നത്. കേസ് പരിഗണിച്ച സമയത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍ തോംസണിന്റെ ഹരജിയെ എതിര്‍ത്തിരുന്നില്ല. ഇതാണ് വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യം ഇനിയും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നത് മുന്‍കൂട്ടിക്കണ്ടാണ് കേസില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്.

Subscribe Us:

കക്ഷി ചേരുന്നത് സംബന്ധിച്ച് വി.എസ് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് നിയമ പോരാട്ടം നടത്തിയ വ്യക്തിയെന്ന നിലക്ക് പ്രതിപക്ഷ നേതാവിന് കക്ഷി ചേരാന്‍ അര്‍ഹതയുണ്ടെന്നാണ് വി.എസിന് ലഭിച്ച നിയമോപദേശം. ഇതെ തുടര്‍ന്നാണ് ഹരജി നല്‍കാന്‍ വി.എസ് തീരുമാനിച്ചത്.