vs-achuthnandhanതിരുവനന്തപുരം: ജനീവ കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് ഉപവാസ സമരത്തില്‍ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദനും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ഉപവാസവും മറ്റ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കൂട്ടായ്മയും സംഘടിപ്പിക്കും.

സ്‌ക്കോക്ക് ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരെ ഇന്ത്യ നിലപാട് സ്വീകരിക്കുക, എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം നടക്കുക.

പാളയം രക്തസാക്ഷിമണ്ഡപത്തിനു സമീപം 25 നു രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു സത്യഗ്രഹം.


എന്‍ഡോസള്‍ഫാന്‍: ആന്റണിക്കെതിരെ വി.എസ്

തിരുവനന്തപുരം: കാസര്‍കോട് നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ പ്രതിരോധമന്ത്രി എ.കെ ആന്റണി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കുറിച്ച് മിണ്ടിയില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വീണ്ടും പഠനം നടത്തണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് പൈശാചികമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

കേരളത്തില്‍ മാത്രമല്ല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ളത്. കര്‍ണാടകത്തിലെ 96 ഗ്രാമങ്ങളിലും എന്‍ഡോസള്‍ഫാന്റെ ദുരിതഫലമനുഭവിക്കുന്നവരുണ്ട്. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നത് പഠനങ്ങളില്‍ തെളിഞ്ഞതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പഠനം നടത്തുന്നണമെന്ന് പറയുന്നതിനെ പൈശാചികം എന്ന് വിശേഷിപ്പിക്കാനേ കഴിയൂ.

തന്റെ സംസ്ഥാനമായ കര്‍ണാടകയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി പോലും പ്രവര്‍ത്തിക്കാനാവാത്ത ജയറാം രമേശ് പരിസ്ഥിതി സ്‌നേഹിയല്ല. പരിസ്ഥിതി വിരുദ്ധനും ജനവിരുദ്ധനുമാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും യു.പി.എയും സ്വീകരിക്കുന്ന നിലപാട് എന്‍ഡോസള്‍ഫാന് അനുകൂലമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.