ജനീവ: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരം സ്റ്റോക്ക്‌ഹോമില്‍ വാര്‍ത്തയായി. കണ്‍വെന്‍ഷനില്‍ സ്വതന്ത്ര നിരീക്ഷകനായി പങ്കെടുക്കുന്ന കെ.ജയകുമാര്‍ തന്റെ പ്രസംഗത്തില്‍ 87കാരനായ കേരള മുഖ്യമന്ത്രിയുടെ സമരത്തെക്കുറിച്ച് പറഞ്ഞു. എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുക്കുന്ന ഇന്ത്യയില്‍  ഒരു മുഖ്യമന്ത്രി ഇത്തരത്തില്‍ ഉപവാസസമരം നടത്തുന്നത് ഏറെ ശ്രദ്ധയോടെയാണ് അംഗ രാജ്യങ്ങള്‍ ശ്രദ്ധിച്ചത്.

Subscribe Us:

ജയകുമാറിന്റെ പ്രസംഗത്തിന് ശേഷം ചുറ്റും കൂടിയ പ്രതിനിധികള്‍ ഇതെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. കേരളത്തിലെ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയായവരുടെ കഥകള്‍ ഞെട്ടലോടെയാണ് അവര്‍ കേട്ടത്. വി.എസിന് തങ്ങളുടെ അഭിവാദ്യം അറിയിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

വി.എസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉപവാസത്തിന്റെ തല്‍സമയ സംപ്രേഷണവും സ്റ്റോക്കഹോമില്‍ സംഘടിപ്പിച്ചിരുന്നു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംഘടനയായ സ്‌പേസിന്റെ നേതൃത്വത്തിലായിരുന്നു സമരം ഇന്റര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്തത്. ഇത് കാണാനും പ്രതിനിധികളും മറ്റുള്ളവരും തടിച്ചുകൂടിയിരുന്നു.

എന്നാല്‍ എന്‍ഡോസള്‍ഫാനിതെരെ വി.എസ് നടത്തുന്ന സമരം സ്റ്റോക്ക്‌ഹോമില്‍ ചര്‍ച്ചയാക്കാതിരിക്കാന്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഇതിനായി ഇന്ത്യന്‍ പ്രതിനിധികള്‍ ജയകുമാറിനെ സമീപിച്ച് ഇടപെടലിന് ശ്രമിച്ചിരുന്നു. സമരം ചര്‍ച്ചയാകുന്നത് ഇന്ത്യന്‍ നിലപാടിന് ദോഷകരമായി ബാധിക്കുമെന്ന് കണ്ടാണ് ഈ നീക്കമുണ്ടായത്.