തിരുവനന്തപ്പുരം: അരുണ്‍കുമാറിനെക്കുറിച്ച് നടക്കുന്നത് കുപ്രചാരണമാണെന്ന് വി.എസ് അച്യുതാനന്ദന്‍. അരുണ്‍കുമാറിന്റെ നിയമനത്തെക്കുറിച്ച് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്നാണ് പ്രചരിപ്പിക്കുന്നത്. നിയമനം സംബന്ധിച്ച് തെറ്റായ വ്യാഖ്യാനങ്ങളാണ് നടക്കുന്നതെന്നും വി.എസ് പറഞ്ഞു. തിരുവനന്തപ്പുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അതേസമയം, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ വെടിവെച്ച അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണപിള്ളയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. രാധാകൃഷ്ണപിള്ള വെടിവെച്ചത് ചട്ടം ലംഘിച്ചാണ്. കേരളത്തിന്റെ മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

കോഴിക്കോട് രണ്ടു കുട്ടികള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.

യൂണിഫോം ഇല്ലാത്ത സമയത്ത് രാധാകൃഷ്ണപിള്ളയെ തല്ലണമെന്ന എം.വി.ജയരാജന്റെ പ്രസ്താവന ശരിയല്ലെന്നും അത് വികാരത്തിന്റെ പുറത്ത് പറഞ്ഞതായിരിക്കുമെന്നും വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി.