കൊച്ചി: അഴിമതി ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. അഴിമതി ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നിയിട്ടുണ്ടാവുമെന്നും അതുകൊണ്ടാണ് തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതെന്നുമായിരുന്നു വി.എസിന്റെ പ്രതികരണം.

തോമസ് ചാണ്ടി ഇനിയും മന്ത്രി സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവെയായിരുന്നു വി.എസിന്റെ പ്രതികരണം.


Also Read: ‘ജയിലില്‍ ആകെ ലഭിച്ച 15 മിനിട്ടില്‍ ദിലീപും താനും പൊട്ടിക്കരഞ്ഞു’; അവസരം കിട്ടിയാല്‍ ഇനിയും ദിലീപിനെ ജയിലില്‍ പോയി കാണുമെന്ന് ഹരിശ്രീ അശോകന്‍


അതേ സമയം താന്‍ ഒരു സെന്റു ഭൂമി പോലും കൈയേറിയിട്ടില്ലെന്ന് തോമസ് ചാണ്ടി ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിയ്ക്കു തയ്യാറാണെന്ന് ഇന്നലെ മന്ത്രി പറഞ്ഞിരുന്നു.

തനിയ്‌ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ സര്‍ക്കാരിന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.