vsതിരുവനന്തപുരം: ഒരു കുടുംബത്തിന് ജീവിക്കാന്‍ 31 രൂപ മതിയെന്ന് പറഞ്ഞ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗങ്ങളെ വീട്ടമ്മമാര്‍ ചൂലെടുത്ത് അടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഹോട്ടലില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും 35 രൂപയാണെന്നിരിക്കെയാണ് ആസൂത്രണ കമ്മീഷന്റെ ഈ നിലപാട്. ഗ്രാമങ്ങളില്‍ 26 രൂപയും നഗരത്തില്‍ 32 രൂപയുമാണ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന പരിധിയെന്ന് വി.എസ് ചൂണ്ടിക്കാട്ടി.

കമ്മീഷന്‍ പിരിച്ചുവിട്ട് അംഗങ്ങളെ വിജനമായ ദ്വീപിലേക്ക് നാടുകടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത് ജനാധിപത്യാ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

വനിതാ സംവരണ ബില്ല് പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്തത് വലിയ പോരായ്മയാണ്. സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഉചിതമായ തീരുമാനമെടുക്കുന്നില്ലെന്ന് വി.എസ് പറഞ്ഞു. ഇക്കാര്യം സി.പി.ഐ.എമ്മിനും വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.