തിരുവനന്തപുരം: പാമോലിന്‍ കേസില്‍ പ്രതികാര രാഷ്ട്രീയം കളിച്ചത് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. 4 മാസം പാമോലിന്‍ കേസ് സഭയില്‍ ഇളകിമറിഞ്ഞപ്പോള്‍ എ ഗ്രൂപ്പുകാര്‍ കരുണാകരനെ പ്രതിരോധിച്ചില്ല. കരുണാകരനെ പ്രതിരോധിക്കാന്‍ ഉമ്മന്‍ചാണ്ടി ഒന്നും ചെയ്തില്ല. കരണാരനെതിരെ എ ഗ്രൂപ്പ് ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തിയത് ചരിത്രത്തിന്റെ ഭാഗമാണ്.

തന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. ഇത് മറച്ച് പിടിക്കാനാണ് തന്നെ പ്രതികാര രാഷ്ട്രീയക്കാരനായി ചിത്രീകരിക്കുന്നത്. കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. തെളിവ് ശേഖരിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്. അവരുടെ ചുമതല ഭംഗിയായി നിര്‍വ്വഹിക്കുമെന്നാണ് കരുതുന്നത്. അഴിമതിക്കെതിരെ താന്‍ കാല്‍ നൂറ്റാണ്ടായി നടക്കുന്ന പോരാട്ടം തുടരും. ഇത് ഏതെങ്കിലും വ്യക്തിക്കോ പാര്‍ട്ടിക്കോ എതിരല്ലെന്നും വി.എസ് പറഞ്ഞു.

പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് പാമോലിന്‍ കേസ് വീണ്ടും ചര്‍ച്ചയായത്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1991-92 കാലത്താണ് പാമൊലിന്‍ കേസുണ്ടാവുന്നത്. കരുണാകരനും അന്നത്തെ സിവില്‍ സപ്ലൈസ് മന്ത്രി ടി.എച്ച് മുസ്തഫയും പ്രതികളായ കേസില്‍ അക്കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.