Administrator
Administrator
അഡ്വക്കറ്റ് ജനറലിനെ നീക്കണം: വി.എസ്
Administrator
Friday 2nd December 2011 2:53pm

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കേരളത്തിന് കുഴപ്പമുണ്ടാകില്ല എന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്നും കേസ് അട്ടിമറിക്കുന്ന നിലപാടാണ് എ.ജി സ്വീകരിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ കേരളത്തിലെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഐക്യപ്പെട്ട് നില്‍ക്കെ തമിഴ്‌നാടിന്റെ പക്ഷം ചേര്‍ന്ന് കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ശ്രമിച്ചത്. അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് ദണ്ഡപാണിയെ നീക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആത്മാര്‍ത്ഥത തെളിയിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

അഡ്വക്കേറ്റ് ജനറല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍പ് തമിഴ്‌നാടിന്റെ അഭിഭാഷകനായിരുന്നു എന്നകാര്യം ഈ അവസരത്തില്‍ ഓര്‍ക്കണം. മുമ്പ് മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന്വേണ്ടി പ്രാവര്‍ത്തിച്ചത് ദണ്ഡപാണിയുടെ ഭാര്യയടക്കമുള്ള അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പഴയ കാലത്തിന്റെ ഓര്‍മയില്‍ അദ്ദേഹം കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എ.ജിയുടെ അഭിപ്രായം ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ അഭിപ്രായമാണ് എന്നുവേണം കരുതാന്‍. ഇത് വഞ്ചനാപരമായ നിലപാടാണ്. അങ്ങനെയെങ്കില്‍ ഈ മാസം ആറിന് ചേരുന്ന സര്‍വകക്ഷി യോഗത്തിനും ഒമ്പതിന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനും എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.

മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ കോടതിവിധി ഉണ്ടായത്. അന്നത്തെ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന കോടതി വിധിക്ക് കാരണം. വീണ്ടും സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ കേസ് നടത്തിപ്പില്‍ ജാഗ്രത ഇല്ലാതായെന്ന് അദ്ദേഹം ആരോപിച്ചു.

Malayalam News
Kerala News in English

Advertisement